വരാപ്പുഴ : കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ വരാപ്പുഴ മത്സ്യമാർക്കറ്റ് തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരികളുടെ നിവേദനം. മത്സ്യമാർക്കറ്റ് അടച്ചുപൂട്ടിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. കഴിഞ്ഞ 13 മുതൽ മത്സ്യച്ചന്ത ഒഴികെയുള്ള മാർക്കറ്റിനുള്ളിലെ മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മത്സ്യമാർക്കറ്റ് മാത്രം തുറക്കാൻ അനുവദിക്കുന്നില്ല.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും എടുത്താണ് മത്സ്യമാർക്കറ്റ് പ്രവർത്തിപ്പിച്ചിരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശം വരുന്നസമയത്ത് പഞ്ചായത്തിന്റെ എല്ലാ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. നാളിതുവരെ സമ്പർക്കം വഴിയും അല്ലാതെയുമുള്ള ഒരു കോവിഡ് പോസിറ്റീവ് കേസുപോലും മാർക്കറ്റുമായി ബന്ധപ്പെട്ട് വന്നിട്ടില്ല. കോവിഡ് ബാധിതരുടെ റൂട്ട് മാപ്പിലും വരാപ്പുഴ മാർക്കറ്റ് ഇതുവരെയും ഇടംനേടിയിട്ടുമില്ല. കോവിഡ് ഭീഷണിയുടെ ആദ്യഘട്ടത്തിൽത്തന്നെ സ്വമേധയാ മാർക്കറ്റ് അടച്ചിടാൻ തീരുമാനമെടുത്തവരാണ് മത്സ്യവ്യാപാരികൾ. എന്നാൽ, തുടർച്ചയായ അടച്ചിടൽ മൂലം വ്യാപാരികളും, മത്സ്യത്തൊഴിലാളികളും, നൂറുകണക്കിന് വരുന്ന അനുബന്ധ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ കർശന നിബന്ധനകൾ പാലിച്ചുകൊണ്ടുതന്നെ മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി ആലങ്ങാട് ഏരിയ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഫിഷറീസ് മന്ത്രി, ജില്ലയുടെ ചുമതലക്കാരനായ മന്ത്രി, ജില്ലാ കളക്ടർ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നിവേദനം നൽകിയതായി ഏരിയ പ്രസിഡന്റ് പോൾ ബാവേലി അറിയിച്ചു.