വരാപ്പുഴ : കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളിൽ രണ്ടുപേർ കടന്നുകളഞ്ഞു. മുപ്പതിലേറെ അതിഥി തൊഴിലാളികൾ ഒരുമിച്ചു കഴിഞ്ഞിരുന്ന വീട്ടിൽനിന്നാണ് ഇവർ ചാടിപ്പോയത്.

ബുധനാഴ്ച അർദ്ധരാത്രി മുതലാണ് ഇവരെ കാണാതായത്. ഇവർ പുറത്തിറങ്ങി നടക്കാതിരിക്കാൻ ഗെയ്റ്റ് പുറമെ നിന്ന്‌ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. സ്രവ പരിശോധനയുടെ ഭാഗമായി ഇവരോട്‌ ക്വാറന്റീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നതാണ്.

വെള്ളിയാഴ്ചയാണ് ഇവരുടെ സ്രവ പരിശോധന നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് അസം സ്വദേശികളായ രണ്ടുപേർ കടന്നുകളഞ്ഞത്. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ വരാപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്‌.