വരാപ്പുഴ : പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ സൗരോർജ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നടത്തി. സോളാർ പാനൽ സംവിധാനത്തിലൂടെ പ്രതിദിനം 40 യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാൻ കഴിയുന്നതിലൂടെ മാസംതോറും 15,000 രൂപ വൈദ്യുതി നിരക്ക് ഇനത്തിൽ ലാഭിക്കാനാകും. 2020-21 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി 6.44 ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. മൂന്ന് വർഷത്തിനകം ഇതിനായി ചെലവഴിച്ച തുക തിരിച്ചുപിടിക്കാനാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം.എ. രശ്മി, ടി.ഡി. സുധീർ, ബ്ലോക്ക് പഞ്ചായത്തംഗം ഹരി കണ്ടംമുറി, ബ്ലോക്ക് സെക്രട്ടറി കെ.ജി. ശ്രീദേവി, ജനറൽ എക്സ്‌റ്റൻഷൻ ഓഫീസർ കെ.ബി. ശ്രീകുമാർ, വനിതാ ക്ഷേമ ഓഫീസർ പി.പി. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.