വരാപ്പുഴ: മൂലമ്പിള്ളി സമരത്തിന് ചുക്കാൻ പിടിച്ചിരുന്ന തീക്ഷ്ണമായ നേതൃത്വമായിരുന്നു അന്തരിച്ച സെലസ്റ്റിൻ മാസ്റ്റർ. യാതൊരുവിധ പാക്കേജുകളും പ്രഖ്യാപിക്കാതെ തുച്ഛമായ വിലയ്ക്ക് സ്വന്തം കിടപ്പിടവും 72 സെന്റ് ഭൂമിയും സർക്കാർ പിടിച്ചെടുത്തപ്പോഴും, നിരാശനായി പതറാതെ വഴിയാധാരമാക്കപ്പെട്ടവരുടെ നാവായി മാറാൻ സെലസ്റ്റിൻ മാസ്റ്റർക്ക് കഴിഞ്ഞു. വല്ലാർപാടം പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട് അർഹമായ പുനരധിവാസ പാക്കേജ് ലഭിക്കാതെ മരണപ്പെട്ട 24-ാമത്തെ ആളാണ് സെലസ്റ്റിൻ മാസ്റ്റർ.

316 കുടുംബങ്ങളാണ് പദ്ധതിക്കായി കുടിയിറക്കപ്പെട്ടത്. നീണ്ട സമര പോരാട്ടങ്ങൾക്കൊടുവിൽ 2011-ലാണ് സെലസ്റ്റിൻ മാസ്റ്റർക്ക് ആറു സെന്റ് ഭൂമിയുടെ പട്ടയം ലഭിച്ചത്. വല്ലാർപാടം പദ്ധതിക്കു വേണ്ടി ഇരകളാക്കപ്പെട്ടവരുടെ നിരന്തരമായ സമരമുഖത്തെ സജീവ സാന്നിധ്യമായിരുന്നു സെലസ്റ്റിൻ മാസ്റ്റർ. കടമക്കുടി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും തുടർച്ചയായ 16 വർഷം പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃത്വം നൽകിയ ആളെന്ന നിലയിലും ജനങ്ങളുമായി അടുത്ത ബന്ധമാണ് സെലസ്റ്റിൻ മാസ്റ്റർക്ക് ഉണ്ടായിരുന്നത്. ഈ ബന്ധം തന്നെയാണ് ഭൂമിയും വീടും നഷ്ടപ്പെട്ട് വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചതും. ഫാക്ട് ടൗൺഷിപ്പ് ഹൈസ്‌കൂളിൽനിന്ന് പ്രധാനാധ്യാപകനായി റിട്ടയർ ചെയ്ത സെലസ്റ്റിൻ മാസ്റ്റർ വിശ്രമരഹിതമായ ജീവിതമാണ് നയിച്ചിരുന്നത്. പ്രായം അവശതകൾ സമ്മാനിച്ചിട്ടും അവയൊന്നും വകവയ്ക്കാതെ സമരമുഖത്തെ നിറസാന്നിധ്യമായി നിന്നു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് മൂലമ്പിള്ളി പാക്കേജിന്റെ രൂപരേഖ തയ്യാറാക്കുന്നതിനും സഹായകമായിരുന്നു. വല്ലാർപാടം പദ്ധതിക്കായി 2008 ഫെബ്രുവരി ആറിന് മൂലമ്പിള്ളി തുരുത്തിൽ ആദ്യം ഇടിച്ചുനിരത്തപ്പെട്ട വീടുകളിൽ ഒന്ന് സെലസ്റ്റിൻ മാസ്റ്ററുടേതായിരുന്നു. ഒരുവിധ പുനരധിവാസ പാക്കേജും നൽകാതെയായിരുന്നു ഇത്. തുടർന്ന് സെലസ്റ്റിൻ മാസ്റ്ററുടെ ഉൾപ്പെടെ നേതൃത്വത്തിൽ എറണാകുളത്ത് 45 ദിവസം നടത്തിയ സമരത്തിന്റെ കൂടി ഫലമായിട്ടാണ് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാൻ നിർബന്ധിതമായത്. പാക്കേജ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ ഭരണകൂടത്തിനെതിരേ നിരന്തരമായി ഇരകളെ സംഘടിപ്പിച്ച് സമര പാതയിൽ തന്നെയായിരുന്നു മാസ്റ്റർ. മൂലമ്പിള്ളിയിൽനിന്ന്‌ കുടിയിറക്കപ്പെട്ടതിനെ തുടർന്ന് ചിറ്റൂരിലുള്ള മകനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ആശുപത്രിയിലായതും മരണം സംഭവിച്ചതും.