തൃപ്പൂണിത്തുറ: ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി പൂർണത്രയീശ ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തുന്നത്. തെരുവുനായ്ക്കളുടെ ശല്യം ആളുകളെ ഭയപ്പെടുത്തുന്നു. ഈ തിരക്കിനിടയിലും തെരുവുനായ്ക്കൾ കടിപിടികൂടുമ്പോൾ ഒന്നും ചെയ്യാതെ അധികൃതർ.

ക്ഷേത്രത്തിന് മുന്നിലും റോഡിലുമൊക്കെ തെരുവുനായ്ക്കൾ വിലസുകയാണ്. അവയിൽ ചിലത് ആളുകളുടെ മുന്നിലേക്ക്‌ കുരച്ചുചാടുന്നുമുണ്ട്.

തൃപ്പൂണിത്തുറയിലെ ഏറ്റവും പ്രധാനമായ ഉത്സവമായിട്ടുകൂടി ജനങ്ങൾക്ക് പട്ടികളെ ഭയന്ന് ഉത്സവം കൂടേണ്ട ഗതികേടായി എന്ന് ആളുകൾ പരാതിപ്പെടുന്നു.

ഇക്കാര്യത്തിൽ നഗരസഭയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. നഗരസഭാ പ്രദേശത്ത് പ്രധാന റോഡുകളിലും ഇടറോഡുകളിലുമൊക്കെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പകലും രാത്രിയിലും ഇവയെ പേടിച്ച് ജനങ്ങൾക്ക് യാത്ര ചെയ്യേണ്ട ദുരവസ്ഥയാണുള്ളത്.