തൃപ്പൂണിത്തുറ: പൊതുവേ ഇടുങ്ങിയ റോഡുകളുള്ള തൃപ്പൂണിത്തുറയിൽ പ്രധാന റോഡുകളിൽ അനധികൃത വഴിയോരക്കച്ചവടം വർധിക്കുന്നത് യാത്രാസൗകര്യത്തെ ബാധിക്കുന്നു. ഇതിനെതിരേ നടപടിയെടുക്കേണ്ട നഗരസഭ അത് ചെയ്യുന്നില്ല എന്നുമാത്രമല്ല വഴിയോരക്കച്ചവടത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നു എന്നതാണ് ഏറെ വിശേഷം.

തൃപ്പൂണിത്തുറ സ്റ്റാച്യു കവല മുതൽ മാർക്കറ്റ് റോഡ് വരെ അനധികൃത കച്ചവടങ്ങൾ ധാരാളമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാതിരിക്കെ, റോഡരികുകളിലും റോഡ് െെകയേറിയും അനധികൃത കച്ചവടങ്ങൾ വർധിക്കുകയാണ്. വലിയ കുടകൾവച്ച്‌ പച്ചക്കറി, പഴവർഗ വഴിയോരക്കച്ചവടം നടക്കുന്നതുമൂലം പൊതുജനങ്ങൾക്ക് നടപ്പാതയിലൂടെ പോകാൻ തന്നെ ബുദ്ധിമുട്ടാകുന്നു.

തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിലേക്ക്‌ കയറുമ്പോൾ ത്തന്നെ റോഡരികിലുള്ള പച്ചക്കറിക്കച്ചവടം മൂലം നിരന്തരം വാഹനക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കിഴക്കേക്കോട്ട കവലയിലും സ്റ്റാച്യു കവലയിലും റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലും വഴിവാണിഭക്കാരായിക്കഴിഞ്ഞു. സ്റ്റാച്യു കവലയിൽ പന്തൽകെട്ടി നഗരസഭാ കുടുംബശ്രീ ഉത്‌പന്ന വിപണനവും ഇടയ്ക്കിടെ നടന്നുവരുന്നുണ്ട്.