തൃപ്പൂണിത്തുറ: രൗദ്ര സ്വഭാവമുള്ള അഞ്ച് ചുവന്ന താടി വേഷങ്ങൾ നിറഞ്ഞാടിയ കഥകളി അരങ്ങ്. കളിക്കോട്ട പാലസിലെ അകത്തളത്തിൽ രാക്ഷസൻമാരുമായുള്ള ഘോരയുദ്ധം. ഇത് കഥകളി ആസ്വാദകർക്ക് വേറിട്ട അനുഭവമായി. രണ്ടു കഥകളിലായി അഞ്ച് ചുവന്ന താടിവേഷങ്ങൾ അട്ടഹസിച്ച് അരങ്ങ് നിറഞ്ഞപ്പോൾ തന്നെ സദസ്സ് കണ്ണിമ വെട്ടാതെ രംഗങ്ങൾ ആസ്വദിച്ചു.
‘അരുണപഞ്ചകം’ എന്ന പേരിൽ തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘യുവം’ ആണ് ശനിയാഴ്ച വൈകീട്ട് ഇങ്ങനെ അപൂർവ കഥകളി അരങ്ങ് ഒരുക്കിയത്. കല്ലേകുളങ്ങര രാഘവ പിഷാരോടി രചിച്ച ‘രാവണോത്ഭവ’ത്തിലെ ആദ്യഭാഗവും അപൂർവവുമായ മാലി, സുമാലി, മാല്യവാൻ എന്നീ കഥാപാത്രങ്ങളുടെ ചുവന്ന താടികളും, കൊട്ടാരക്കര തമ്പുരാൻ രചിച്ച ‘ബാലിവധ’ത്തിലെ ബാലി, സുഗ്രീവൻ എന്നീ വേഷങ്ങളും ആസ്വാദകർക്ക് പുതിയ അനുഭവമായി.
‘രാവണോത്ഭവ’മായിരുന്നു ആദ്യം അവതരിപ്പിച്ചത്. രാവണന്റെ പിതാമഹൻമാരായ മാലി, സുമാലി, മാല്യവാൻ എന്നീ രാക്ഷസ സഹോദരൻമാരുടെ കഥയായിരുന്നു ഇത്. സാധാരണ ഈ കഥാഭാഗങ്ങൾ അവതരിപ്പിക്കുന്ന പതിവില്ല. തുടക്കം തന്നെ മൂന്ന് ചുവന്ന താടി വേഷങ്ങളും അരങ്ങിലെത്തി അലറിയപ്പോൾ കളിക്കോട്ട പാലസിലെ സദസ് നിശബ്ദമായി. അത്ര ആസ്വാദ്യകരമായിരുന്നു ഈ രംഗം. ബ്രഹ്മാവിനെ തപസ്സുചെയ്ത് ശക്തി നേടിയ ഈ രാക്ഷസ സഹോദരർ ലോകം മുഴുവൻ കീഴടക്കി ഭരിക്കുന്ന കാലം. ഇവരുടെ ദുഷ്ടത്തരങ്ങൾ സഹിക്കാനാവാതെ താപസൻമാർ ഇന്ദ്രനോട് പരാതിപ്പെടുകയും ഇന്ദ്രൻ മഹാവിഷ്ണുവിനെ കണ്ട് സങ്കടമറിയിക്കുകയും തുടർന്ന് രാക്ഷസൻമാരുമായി ഇന്ദ്രൻ യുദ്ധം ചെയ്യുകയും ചെയ്യുന്നു. ഈ സമയം മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് മാലിയെ വധിക്കുന്നു. സുമാലിയും, മാല്യവാനും ഭയന്ന് പാതാളത്തിലേക്ക് ഓടിപ്പോകുകയും ചെയ്യുന്നു. ഈ ഭാഗങ്ങളാണ് അവതരിപ്പിച്ചത്. മാല്യവാനായി കലാമണ്ഡലം നീരജും മാലിയായി കലാനിലയം ശ്രീജിത്ത് സുന്ദരനും സുമാലിയായി കലാമണ്ഡലം ഷിബി ചക്രവർത്തിയും നാരദനായി കലാമണ്ഡലം വിവേകും ഇന്ദ്രനായി കലാമണ്ഡലം ശരത്തും മഹാവിഷ്ണുവായി കലാമണ്ഡലം അരുൺ രാജുവും അരങ്ങിലെത്തി.
‘ബാലിവധം’ കഥകളിയിൽ ചുവന്ന താടിയുമായി സുഗ്രീവനും ബാലിയും എത്തി. സുഗ്രീവൻ ശ്രീരാമനുമായി സഖ്യം ചെയ്യുന്നതും ശ്രീരാമൻ ബാലിയെ വധിക്കുന്നതുമായ രംഗങ്ങളായിരുന്നു. സുഗ്രീവനായി കലാമണ്ഡലം അരുൺകുമാറും ശ്രീരാമനായി കലാമണ്ഡലം അരുൺ രാജുവും ബാലിയായി കലാമണ്ഡലം ചിനോഷ് ബാലനും ലക്ഷ്മണനായി കലാമണ്ഡലം ശരത്തും അംഗദനായി കലാമണ്ഡലം ശിബി ചക്രവർത്തിയും അരങ്ങിലെത്തി. കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം വിഷ്ണു, തൃപ്പൂണിത്തുറ അർജുൻ രാജ് എന്നിവരായിരുന്നു പാട്ട്.