തൃപ്പൂണിത്തുറ: കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നായിരുന്നു കുട്ടിയുമായി ഈ ദമ്പതിമാർ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. അവിടെ കഴിയുമ്പോഴാണ് ഉണ്ടായിരുന്ന ചെറിയ വീട് തകർന്നുവീണു എന്നറിയുന്നത്. അന്നു മുതൽ ഇവരുടെ നെഞ്ചിൽ തീയാണ്. ഇപ്പോൾ കിടക്കാൻ പോലും ഇടമില്ല. തൃപ്പൂണിത്തുറ തെക്കുംഭാഗം മേക്കര അയ്യൻകാളി റോഡ് തെക്കുംമേലിൽ ജയനും കുടുംബവുമാണ് ഇങ്ങനെ ദുരിതം അനുഭവിക്കുന്നത്.

നിർദ്ധന കുടുംബമാണ്. വീട്ടിൽ വെള്ളം കയറിയപ്പോഴാണ് ഇലക്‌ട്രീഷ്യനായ ജയനും ഭാര്യ ശാന്തയും ഏകമകൻ യു.കെ.ജി. വിദ്യാർഥി ജ്യോതിഷ് കൃഷ്ണയും ചൂരക്കാട് ഗവ. യു.പി. സ്കൂളിലെ നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ഇവരുടെ വീട് ഇടിഞ്ഞുവീണത്. ഓടിട്ട വീടായിരുന്നു. മേൽക്കൂരയുൾപ്പെടെ തകർന്നു. ഇത് നീക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ല.

അവിടെ ഒരു കിടപ്പാടം വേണം. അതിനാകട്ടെ ഇവരുടെ പക്കൽ ഒന്നുമില്ല. പകൽ വഴിയരികിലാണ് ഈ കുടുംബം കഴിച്ചുകൂട്ടുന്നത്. രാത്രി കിടക്കാൻ സമീപത്തെ ഒരു വീട്ടുകാരന്റെ കൃപകൊണ്ട് പറ്റുന്നുണ്ട്. ആ വീട്ടിലാണ് ഇവർ ഇപ്പോൾ രാത്രി ഉറങ്ങുന്നത്. അങ്ങനെ എത്രനാൾ പറ്റും...? ജയനും ശാന്തയും ചോദിക്കുന്നു... ‘ഒരു ഷെഡ്ഡെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തല ചായ്ക്കാനിടമാകുമായിരുന്നു’വെന്ന് ഇവർ പറയുന്നു.

Cap1ഇടിഞ്ഞുവീണ വീട്ടിനുള്ളിൽ ജയനും ഭാര്യയും മകനും