തൃപ്പൂണിത്തുറ: മെട്രോ റെയിൽ പൈലിങ്ങിനിടെ പേട്ടയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വലിയതോതിൽ കുടിവെള്ളം പാഴായി. കഴിഞ്ഞ ആഴ്ചയാണ് പേട്ട പാലത്തിന് സമീപം പൈലിങ്ങിനിടെ പ്രകൃതിവാതക (സി.എൻ.ജി) പൈപ്പ്‌ലൈൻ പൊട്ടി വാതകച്ചോർച്ച ഉണ്ടായതും ജനം പരിഭ്രാന്തരായതും. ഇതിനടുത്തുതന്നെയാണ് ജല അതോറിറ്റിയുടെ നാലിഞ്ചിന്റെ കുടിവെള്ള പൈപ്പ്‌ലൈൻ പൊട്ടിയത്. വെയർഹൗസിങ്‌ കോർപ്പറേഷന്റെ ഗോഡൗൺ അങ്കണം മുഴുവൻ വെള്ളക്കെട്ടിലായി. ഒന്നിടവിട്ടാണ് ഈ പ്രദേശത്തേക്ക്‌ കുടിവെള്ള വിതരണം ഉള്ളത്. കഴിഞ്ഞദിവസം വെള്ളം പമ്പിങ്‌ ഇല്ലാത്ത സമയം പൈലിങ്‌ നടത്തിയപ്പോഴാകാം പൈപ്പ് പൊട്ടിയതെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ വെള്ളം കെട്ടിക്കിടക്കുന്നത്‌ കണ്ടാണ് കുടിവെള്ള പൈപ്പ്‌ പൊട്ടിയ കാര്യം അറിഞ്ഞത്. ഇതുമൂലം പൂണിത്തുറയിൽ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. യാതൊരുവിധ മുന്നൊരുക്കങ്ങളും പരിശോധനയുമില്ലാതെ നിർമാണപ്രവൃത്തികൾ നടത്തുന്നതുമൂലമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് കൊച്ചി നഗരസഭാ കൗൺസിലർ വി.പി. ചന്ദ്രൻ കുറ്റപ്പെടുത്തി.