തൃപ്പൂണിത്തുറ : തോരാമഴയിൽ റോഡേത് തോടേത് എന്നറിയാത്ത വിധം തൃപ്പൂണിത്തുറ മേഖലയിലാകെ വെള്ളം പൊങ്ങി. ഒട്ടേറെ വീടുകളും വെള്ളക്കെട്ടിലായി. ഇത്തവണ മഴക്കാലം തുടങ്ങിയ ശേഷം ഈ രീതിയിൽ വെള്ളം പൊങ്ങിയത് ഇതാദ്യമാണ്. പേട്ട - ഗാന്ധിസ്ക്വയർ റോഡ്, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം - വടക്കേക്കോട്ട റോഡ്, ഗാന്ധിസ്ക്വയർ - ഇരുമ്പുപാലം റോഡ് എന്നിങ്ങനെ പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങി.

വാഹനങ്ങൾ പലതും ബ്രേക്ക് ഡൗണായി. ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പേട്ട കവലയ്ക്കു സമീപം റോഡരികിൽ താമസിക്കുന്ന ശിവദാസ മേനോനും കുടുംബവും വെള്ളക്കെട്ട് മൂലം താത്കാലികമായി വീടൊഴിഞ്ഞു പോയി.

ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതും ആദ്യമാണ്. മെട്രോ റെയിൽ നിർമാണത്തിന്റെ ഭാഗമായി കാനകൾ അശാസ്ത്രീയമായി പണിതതാണ് ഈ ഭാഗത്ത് വീടുകൾ വെള്ളക്കെട്ടിലാകാൻ കാരണമെന്ന് ഡിവിഷൻ കൗൺസിലർ വി.പി. ചന്ദ്രൻ പറഞ്ഞു. പേട്ടയിൽ മെട്രോ സ്റ്റേഷനു സമീപവും വീടുകളിൽ വെള്ളം കയറി.

തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ്, കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ഭാഗം എന്നിവിടങ്ങളിൽ വീടുകൾ വെള്ളക്കെട്ടിലായി. തൃപ്പൂണിത്തുറ ലാഭം മാർക്കറ്റ് റോഡ്, കണ്ണൻകുളങ്ങര-ശ്രീനിവാസ കോവിൽ റോഡ്, പള്ളിപ്പറമ്പ് കാവ് റോഡ്, കോൺവെൻറ് റോഡ്, കിഷാത്ത് റോഡ്, എരൂർ പുതിയ റോഡ്, കൊപ്പറമ്പ് റോഡ്, തെക്കുഭാഗം അമ്പനാട്ട് റോഡ് തുടങ്ങി ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. പേട്ട - ഗാന്ധിസ്ക്വയർ - മരട് റോഡിലൂടെ രാവിലെ വാഹനങ്ങൾക്ക് പോകാനാവാത്ത വിധം വെള്ളം പൊങ്ങി. അടുത്തൊന്നും ഉണ്ടാകാത്ത വിധത്തിലാണ് പേട്ടയിൽനിന്ന്‌ ഗാന്ധിസ്ക്വയർ മിനി ബൈപ്പാസ് ജങ്ഷൻ വരെ വെള്ളം പൊങ്ങിയത്. റോഡരികിലെ കടകളിലടക്കം വെള്ളം കയറി.

സാധാരണ ഗാന്ധിസ്ക്വയർ ഭാഗത്ത് നല്ല മഴയിൽ വെള്ളം പൊങ്ങാറുണ്ടെങ്കിലും പേട്ട മുതൽ റോഡ് പുഴ പോലെയായത് ഇതാദ്യ സംഭവമാണ്. ഉച്ചയോടെ വെള്ളം കുറെ ഇറങ്ങിയ ശേഷമാണ് വാഹന ഗതാഗതം ഈ റൂട്ടിൽ സുഗമമായത്. ഈ റൂട്ടിൽ കാന പുനരുദ്ധാരണം പൂർത്തിയാകാത്തതും കൽവർട്ടുകളുടെ ഭാഗങ്ങൾ ശുചീകരിക്കാത്തതും ഉയർത്തി പണിയാത്തതും വെള്ളക്കെട്ടിന് പ്രധാന കാരണമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.