തൃപ്പൂണിത്തുറ: ഒരു ചെറിയ കലുങ്ക് പണിയുന്നതിന്റെ പേരിൽ നഗരത്തിലെ വലിയ കാന അടച്ചിട്ട് രണ്ടാഴ്ചയിലേറെയായി. നാട്ടുകാരുടെ ഉറക്കംകെടുത്തി ഇവിടം കൊതുകുകളുടെ വളർത്തുകേന്ദ്രം പോലെയാണിപ്പോൾ. തൃപ്പൂണിത്തുറ തെക്കുംഭാഗം 31-ാം വാർഡിൽ അമ്പനാട്ട്-മോനപ്പിള്ളി റോഡരികിലെ വലിയ കാനയിലാണ് കൊതുകുകൾ പെറ്റുപെരുകിയിരിക്കുന്നത്. ഇതിന് വഴിവച്ചതാകട്ടെ തൃപ്പൂണിത്തുറ നഗരസഭയും.

വിവിധ റോഡുഭാഗങ്ങളിലെ ചെറുകാനകളുമായി ബന്ധിപ്പിച്ചിട്ടുള്ള വലിയ കാനയാണിത്. ഇതിലേക്ക്‌ എല്ലാ ഭാഗങ്ങളിൽനിന്നും മലിനജലം ഒഴുകി എത്താറുണ്ട്, ഒപ്പം ആളുകൾ ഇടുന്ന മാലിന്യവും. രണ്ടാഴ്ചയിലേറെയായി ഇവിടത്തെ വലിയ കാനയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തിയിരിക്കുന്നതിനാൽ പ്രദേശമാകെ പകലും രാത്രിയുമെന്നില്ലാതെ കൊതുകുപടയാണ്. ഇതോടൊപ്പം സമീപവാസികളും മറ്റും കൊണ്ടു വന്നിടുന്ന മാലിന്യവും കൂടിയാകുമ്പോൾ പ്രശ്നം രൂക്ഷമാകുന്നു.

കലുങ്കുപണിയാകട്ടെ ഒച്ചിഴയുന്നതു പോലെയാണുതാനും. നഗരസഭാ അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആരോപണം.

ആരോഗ്യ വിഭാഗവും വേണ്ടത്‌ ചെയ്യുന്നില്ല. കരാറുകാരൻ തോന്നിയപോലെ ഒന്നും രണ്ടും തൊഴിലാളികളെ വെച്ച് കലുങ്കുപണി ചെയ്യിക്കുമ്പോൾ പണികൾ നോക്കാൻപോലും ആളില്ലാത്ത അവസ്ഥയാണ്. ഇതുമൂലം ദുരിതമനുഭവിക്കുന്നതാകട്ടെ നൂറുകണക്കിനാളുകളും.

കൊതുക്‌ കാരണം രാത്രി വീടുകളിൽ ഫാനിട്ടാൽപ്പോലും ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടാഴ്ചയിലേറെയായി ജനം ദുരിതമനുഭവിക്കുമ്പോഴും നഗരസഭാധികൃതരോ രാഷ്ട്രീയ കക്ഷികളോ തിരിഞ്ഞുപോലും നോക്കുന്നുമില്ല.