തൃപ്പൂണിത്തുറ: ചെറുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കുമൊന്നും സഞ്ചരിക്കാൻ അനുമതിയില്ലാത്ത പാലത്തിലൂടെ ആനകൾ നടന്നുനീങ്ങിയത് വലിയ കാഴ്ചയായി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പറ ഉത്സവത്തിന്റെ ഭാഗമായി പടിഞ്ഞാറെ കരയിലേക്ക്‌ ഭഗവാനെ എഴുന്നള്ളിക്കാനുള്ള രണ്ട് ആനകളാണ് തൃപ്പൂണിത്തുറ ഇരുമ്പുപാലത്തിലൂടെ ശനിയാഴ്ച വൈകീട്ട് നടന്ന് കുഴപ്പമൊന്നും കൂടാതെ മറുകരയിലെത്തിയത്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരുമ്പുപാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പാലത്തിലൂടെ ഇരുചക്രവാഹനങ്ങൾ ഒഴിച്ചുള്ള വാഹനങ്ങളുടെ യാത്ര മാസങ്ങളായി പൊതുമരാമത്ത് വകുപ്പധികൃതർ തടഞ്ഞിട്ടിരിക്കുകയാണ്. പാലത്തിന്റെ ഇരുഭാഗത്തും വീപ്പയും, കോൺക്രീറ്റ് കുറ്റികളും സ്ഥാപിച്ചാണ് വാഹനയാത്ര തടഞ്ഞിട്ടുള്ളത്.