തൃപ്പൂണിത്തുറ: കൊച്ചി മെട്രോയിൽ കയറി, തീവണ്ടിയുടെ ചില്ലുജാലകങ്ങളിലൂടെ കാഴ്ചകൾ കണ്ട് അവർ ആഹ്ലാദിച്ചു... മെട്രോയിൽ കയറി എത്തിയതാകട്ടെ ലുലു മാളിലേക്കായിരുന്നു. ഭിന്നശേഷിക്കാരായിട്ടുള്ളവർ പഠിക്കുന്ന എരൂർ ജെയ്നി സെൻററിലെ വിദ്യാർഥികളാണ് ഇങ്ങനെ ആഹ്ലാദയാത്ര നടത്തിയത്. ഇവർക്കായി കൊച്ചി മെട്രോ അധികൃതർ സൗജന്യയാത്ര ഒരുക്കുകയും ചെയ്തു.

മെട്രോയിലെ അനൗൺസ്‌മെൻറും വാതിലുകൾ താനേ തുറക്കുന്നതും അടയുന്നതുമൊക്കെ അത്ഭുതത്തോടെയാണ് അവർ കണ്ടത്. ലുലു മാളിലെ കളിസ്ഥലങ്ങളിലൊക്കെ കയറിയിറങ്ങുകയും ത്രീഡി തിയേറ്ററിൽ ഷോ കണ്ടതുമൊക്കെ കുട്ടികൾക്ക് സന്തോഷം നല്കിയെന്ന് ജെയ്നി സെൻറർ അഡ്മിനിസ്ട്രേറ്റർ സിയ ജോർജ് പറഞ്ഞു.

44 വിദ്യാർഥികളോടൊപ്പം അധ്യാപകരും ഉണ്ടായിരുന്നു. ലുലു അധികൃതർ സമ്മാനങ്ങളും നൽകി. മെട്രോയിൽ ഇരുഭാഗത്തേക്കും സൗജന്യ യാത്രയായിരുന്നു. മെട്രോയുടെ ആറ്്‌ ജീവനക്കാരും സഹായത്തിനായി ഉണ്ടായി.

ജെയ്നി സെൻറർ ഡയറക്ടർ ഫാ. എബിൻ ബേബിയുടെ നേതൃത്വത്തിലായിരുന്നു ‘പ്രോമിസ് ഡേ’ യുടെ ഭാഗമായുള്ള വിനോദയാത്ര.