തൃപ്പൂണിത്തുറ: ‘അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി....’ 46 വർഷങ്ങൾക്കു ശേഷം തങ്ങൾ പഠിച്ച അതേ സ്കൂളിൽ വീണ്ടും അതേ പ്രാർത്ഥന... അവർ വീണ്ടും ചൊല്ലി. അന്നത്തെ ‘കുട്ടികൾ’ വീണ്ടും ഒത്തുകൂടിയപ്പോൾ പലർക്കും പരസ്പരം മനസ്സിലായതുമില്ല. പേര് പറഞ്ഞ് പരിചയപ്പെട്ടപ്പോൾ പണ്ടത്തെ കൂട്ടുകാരെ കെട്ടിപ്പിടിച്ചു. പഴയകാല ഓർമകൾ പങ്കുവെച്ചു. എരൂർ കോടംകുളങ്ങര സെയ്ന്റ് ജോസഫ് സ്കൂളിലെ 1973 ബാച്ചിലെ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ ‘സ്നേഹക്കൂട്ടായ്മ’ ഒത്തുകൂടിയവർക്ക് മറക്കാനാവാത്ത അനുഭവമായി. അന്നത്തെ വിദ്യാർഥികളോടൊപ്പം പഠിപ്പിച്ച അധ്യാപകരിൽ ചിലരും പങ്കെടുത്തു. സുഗതൻ സാറിന്റെ ചൂരൽപ്രയോഗവും, പുസ്തകം കൊണ്ടുവരാഞ്ഞതിന് ക്ലാസിന് പുറത്തു നിർത്തിയ അനുഭവങ്ങളൊക്കെ പലരും പങ്കുവെച്ചു. 52 പേർ പങ്കെടുത്തു. കുറേപ്പേർ ചേർന്ന് വാർട്സാപ്പ് ഗ്രൂപ്പുണ്ടാക്കി.

അന്നത്തെ ഒന്നാം ക്ലാസ് ഗ്രൂപ്പ് ഫോട്ടോ വഴിയാണ് ഇത്രയും സഹപാഠികളെ കണ്ടെത്തിയതെന്ന് ഇതിന് നേതൃത്വം കൊടുത്ത ശശി വെള്ളക്കാട്ട് പറഞ്ഞു. ഒന്നാം ക്ലാസ് ടീച്ചറായിരുന്ന എ.ജെ. ഏലിക്കുട്ടി ‘സ്നേഹക്കൂട്ടായ്മ’ ഉദ്ഘാടനം ചെയ്തു. ടീച്ചർമാരായ ഐ. സുഗതൻ, എം.ജി. സാവിത്രി, എ.ഒ. ഏലി എന്നിവരും പഴയ വിദ്യാർഥികളായ കാശി ഗണേഷ്, കെ.കെ. പ്രദീപ്‌ എന്നിവരും പ്രസംഗിച്ചു. ശശി വെള്ളക്കാട്ട് അധ്യക്ഷനായിരുന്നു. അന്ന് സ്കൂളിൽ ‘ജനഗണമന...’ പാടിയവർ തന്നെ ദേശീയഗാനം പാടിയാണ് നല്ല ഓർമകളുമായി എല്ലാവരും പിരിഞ്ഞത്.