തൃപ്പൂണിത്തുറ: മഴയിൽ നനഞ്ഞ് പൂർണത്രയീശന്റെ വൃശ്ചികോത്സവ ആറാട്ട് ദിനം. ഉത്സവം കൂടാനെത്തിയവരും വാദ്യക്കാരടക്കമുള്ളവരും മഴയിൽ നനഞ്ഞു. ക്ഷേത്രമുറ്റമാകെ വെള്ളക്കെട്ടിലായി. വെള്ളത്തിൽ നിന്നുകൊണ്ടുതന്നെ പഞ്ചാരിമേളം.

ഉത്സവ ആറാട്ടായിരുന്ന തിങ്കളാഴ്ച വൈകീട്ടുമുതലുള്ള മഴ ഉത്സവത്തിനെത്തിയവരെ വിഷമത്തിലാക്കി. വൈകീട്ട് കാഴ്ചശീവേലി തുടങ്ങിയപ്പോൾത്തന്നെ മഴ ആരംഭിച്ചിരുന്നു. അതോടെ വാദ്യക്കാരും മേളക്കമ്പക്കാരുമൊക്കെ വിഷമത്തിലായി.

‘തിരുമുമ്പിൽ മേളം’നടക്കുന്ന ഭാഗത്ത് പന്തലിൽ മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉൾപ്പെടെയുള്ള വാദ്യക്കാർ കൊട്ടിക്കയറി... മുറ്റത്ത് മഴവെള്ളത്തിൽ നിന്നുകൊണ്ടുതന്നെ. രാത്രി 8.05-ന് ഉത്സവക്കൊടിയിറക്കും വരെ ചന്നംപിന്നം മഴയായിരുന്നു.

വലിയ കച്ചവടം പ്രതീക്ഷിച്ചിരുന്ന ഉത്സവ വഴിയോരകച്ചവടക്കാർക്കും മഴ വില്ലനായി. സാധനങ്ങൾ നനഞ്ഞു... കച്ചവടം ഇല്ലാതായി.

ഉത്സവത്തിന് വന്നവരും മഴയിൽ നനഞ്ഞു. അതോടെ വീടുകളിലേക്ക്‌ തിരികെ പോകാനുള്ള ഓട്ടം... മഴപ്പേടിയിൽ രാത്രി ആളുകൾ വളരെ കുറഞ്ഞു.