തൃപ്പൂണിത്തുറ: തിരുനാളാഘോഷം നടന്ന ഉദയംപേരൂർ സുന്നഹദോസ് പള്ളിയിൽ ശ്രദ്ധേയമായി 72 ഇരട്ട സഹോദരങ്ങളുടെ സംഗമം. ദിവ്യബലിക്കും ഇരട്ടസഹോദരങ്ങളായ വൈദികർ കാർമികരായതും പ്രത്യേകതയായി. ഇരട്ടസഹോദരങ്ങളായ വിശുദ്ധ ഗർവാസീസ്, േപ്രാത്താസീസ് കന്തീശങ്ങളുടെ തിരുനാളാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഇരട്ടകളുടെ സംഗമം നടന്നത്. എറണാകുളം - അതിരൂപത അങ്കമാലി ആർക്കി എപ്പിസ്കോപ്പൽ വികാരി മാർ ആന്റണി കരിയിലിൻറെ കാർമികത്വത്തിൽ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഇരട്ട സഹോദരങ്ങളായ ഫാ. റോജി മനയ്ക്കപ്പറമ്പിൽ, ഫാ. റെജി മനയ്ക്കപ്പറമ്പിൽ എന്നിവർ സഹകാർമികരായി. സംഗമത്തിൽ പങ്കെടുത്ത എല്ലാ ഇരട്ടസഹോദരങ്ങൾക്കും ബിഷപ്പ്‌ ഉപഹാരങ്ങൾ നൽകി. സുന്നഹദോസ് പള്ളി വികാരി ഫാ. ജോർജ് മാണിക്കത്താൻ സംഗമത്തിന് നേതൃത്വം നൽകി. പെരുന്നാൾ ചടങ്ങുകൾക്ക് കൈക്കാരൻമാരായ ജോസ് കുര്യാക്കോസ് അറയ്ക്കത്താഴത്ത്, അബ്രഹാം ആദപ്പിള്ളിൽ, പ്രസുദേന്തി വി.എ. പീറ്റർ പുളിക്കപ്പറമ്പിൽ, കുടുംബക്കൂട്ടായ്മ വൈസ് ചെയർമാൻ എ.എക്സ്. വർഗീസ് അറയ്ക്കത്താഴത്ത് എന്നിവർ നേതൃത്വം നൽകി.