തോപ്പുംപടി : കൊറോണക്കാലം സമുദ്രോത്പന്ന മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. നൂറുകണക്കിന് സാധാരണക്കാർ തൊഴിലില്ലാതെ പട്ടിണിയിലേക്ക് പോകുന്നു. കൊച്ചി, അരൂർ, ചെല്ലാനം, കുമ്പളങ്ങി, ചന്തിരൂർ മേഖലകളിലായി 300-ഓളം പീലിങ് ഷെഡ്ഡുകൾ പ്രവർത്തിച്ചിരുന്നു. കോവിഡിനെ തുടർന്ന്‌ അവയൊക്കെ പൂട്ടക്കിടക്കുകയാണ്‌.

തീരദേശത്തെ പ്രധാന തൊഴിൽ മേഖലയാണിത്. ഓരോ കേന്ദ്രത്തിലും 50 മുതൽ 100 വരെ പേർ തൊഴിലെടുത്തിരുന്നു. ഭൂരിഭാഗവും സ്ത്രീകളാണ്. കൊച്ചി, ചേർത്തല താലൂക്കുകളിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ ലഭിക്കുന്ന മേഖലയുമാണിത്.

കഴിഞ്ഞ ഒരു മാസമായി ഈ തൊഴിൽ മേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. ഒരു സംസ്കരണ കേന്ദ്രത്തിൽ തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് എല്ലാ പീലിങ് ഷെഡ്ഡുകൾക്കും പൂട്ടുവീണു.

നാലുമാസമായി പണിയില്ല

സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ പീലിങ് ഷെഡ്ഡുകൾക്കും കഷ്ടകാലം തുടങ്ങി. എല്ലാ പീലിങ് ഷെഡ്ഡുകളും പ്രവർത്തനം നിർത്തിെവച്ചു. പിന്നീട് ലോക്ക്‌ഡൗണിൽ ഇളവ് ലഭിച്ചപ്പോഴാണ് ഈ മേഖലയ്ക്ക് അല്പം ജീവൻ വെച്ചത്. തൊഴിലാളിക്ക് കോവിഡ് ബാധിച്ചതോടെ അവയൊക്കെ വീണ്ടും അടച്ചുപൂട്ടലിലായി.

ഓണവും കറുക്കും

ഇപ്പോൾ ജോലി ചെയ്താൽ മാത്രമേ ഓണക്കാലത്ത് ചെലവിനുള്ള പണം ലഭിക്കൂ. ഏറെ ജോലി ലഭിക്കുന്ന മാസമാണിത്. ട്രോളിങ് നിരോധന കാലത്ത് നാടൻ വള്ളങ്ങൾക്ക് നല്ല രീതിയിൽ ചെമ്മീൻ കിട്ടും. വിദേശത്ത് ഇതിന് നല്ല ഡിമാൻഡാണ്. പക്ഷേ, ലോക്ക്ഡൗൺ ഈ മേഖലയെയും തളർത്തി. പ്രതീക്ഷിച്ചതുപോലെ വള്ളക്കാർക്ക് കടലിൽ പോകാനായില്ല. ചെമ്മീനും കിട്ടിയില്ല. ചെമ്മീൻ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. ഷെഡ്ഡ് തുറക്കാത്തതിനാൽ പണിയെടുക്കാനാവുന്നില്ല.

ആന്ധ്രയിൽ നിന്ന് ചെമ്മീൻ വരുന്നു

സംസ്ഥാനത്തിനകത്ത് ചെമ്മീൻ ലഭ്യത കുറഞ്ഞെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്ന് ചരക്ക് ലഭിക്കുന്നതിനാൽ ജോലി തടസ്സപ്പെടില്ലെന്ന് പീലിങ് ഷെഡ്ഡ് ഉടമകൾ പറയുന്നു. ആന്ധ്രയിൽനിന്ന് ‘വനാമി’ ചെമ്മീൻ വലിയ തോതിൽ വരുന്നുണ്ട്. ഇവ സംസ്കരിക്കാൻ ഇപ്പോൾ ഇവിടെ സംവിധാനമില്ല. തുടർച്ചയായി പണി മുടങ്ങിയാൽ സംസ്കരണ ജോലികൾതന്നെ മറ്റ് കേന്ദ്രങ്ങളിലേക്ക് വഴിമാറും.

നിയന്ത്രണം വേണം, പൂട്ടരുത്

സാധാരണക്കാർ കൂടിയിരുന്ന്‌ ജോലി ചെയ്യുന്ന മേഖലയായതിനാൽ പീലിങ് ഷെഡ്ഡുകളിൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, മതിയായ സുരക്ഷാ ക്രമീകരണമുണ്ടായാൽ മറ്റേതൊരു മേഖലയെയും പോലെ മത്സ്യ സംസ്കരണ കേന്ദ്രവും പ്രവർത്തിപ്പിക്കാമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സാമൂഹിക അകലം, ശുചിത്വം, മാസ്ക് എന്നിവ ഉറപ്പാക്കിയാൽ മതിയെന്നും ഇവർ പറയുന്നു.

കശുവണ്ടി മേഖല പ്രവർത്തിക്കാൻ അനുവദിച്ച സാഹചര്യത്തിൽ, പീലിങ് ഷെഡ്ഡുകൾക്കും അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.