തോപ്പുംപടി : ലോക്ക്ഡൗൺ, കടൽകയറ്റം എന്നിവ മൂലം ദുരിതത്തിലായ ചെല്ലാനം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രൊഫ. കെ.വി. തോമസിനെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചതാണിത്.

ലോക്ക്ഡൗണും കടൽക്കയറ്റവും മൂലം ദുരിതത്തിലായ കൊച്ചിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെയും ചെല്ലാനം, കുമ്പളങ്ങി, വൈപ്പിൻ തീരപ്രദേശങ്ങളിലേയും സാധാരണക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.വി. തോമസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ഇതോടൊപ്പം മുഖ്യമന്ത്രിയുമായി കെ.വി. തോമസ് നേരിൽ സംസാരിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി നൽകിയതെന്ന് കെ.വി. തോമസ് പറഞ്ഞു.

കുമ്പളങ്ങി-കല്ലഞ്ചേരി കായലിൽ ചില കമ്പനികൾ വിഷജലം ഒഴുക്കിയതിനെതിരേ നൽകിയ പരാതി ഫിഷറീസ് ഡയറക്ടർക്ക് അയച്ചിട്ടുണ്ട്.

ആലപ്പുഴ, കൊച്ചി മേഖലകളിലെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് നടപടിയെടുക്കാൻ ആലപ്പുഴ-എറണാകുളം ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി കെ.വി. തോമസിനെ അറിയിച്ചു.