തോപ്പുംപടി: പെരുമഴയിൽ കൊച്ചി പൂർണമായും മുങ്ങി. മിക്കയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ചൊവ്വാഴ്ച അർധരാത്രി മുതൽ മഴ നിർത്താതെ പെയ്തതോടെ പല റോഡുകളും തോടുകളായി. പലയിടത്തും വാഹനമിറക്കാനാവാത്ത സ്ഥിതി. കൊച്ചിയിൽ മിക്കവാറും എല്ലാ പ്രദേശവും കണ്ടെയ്ൻമെന്റ് സോണിലാണ്. വീടുകളിൽ വെള്ളം കയറിയെങ്കിലും രോഗ ഭീതിയുള്ളതിനാൽ ജനം താമസം മാറ്റാൻ കൂട്ടാക്കിയില്ല. കൂവപ്പാടം, ടി.ഡി.റോഡ്, മാന്ത്ര, അജന്താ റോഡ്, ചെറളായി, ആനവാതിൽ, അമരാവതി, ഫോർട്ട്‌കൊച്ചി വെളി, നസ്രേത്ത്, പാണ്ടിക്കുടി, മട്ടാഞ്ചേരി തുടങ്ങിയ ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്.

തോപ്പുംപടി ടി.ആൻഡ് ആർ. ക്രോസ് റോഡിൽ കാനയിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകൾ വെള്ളത്തിലായി.

രാമേശ്വരം കനാൽ ഉൾപ്പെടെ വലിയ തോടുകൾ വൃത്തിയാക്കിയെന്ന് നഗരസഭ പറഞ്ഞുവെങ്കിലും ജോലികൾ കാര്യക്ഷമമല്ലെന്ന് പരാതി ഉയർന്നിരുന്നു. കാനകളിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കൊച്ചിയെ വലച്ചത്.

പള്ളുരുത്തിയും കനത്ത വെള്ളക്കെട്ടിലാണ്. കടേഭാഗം, ചിറയ്ക്കൽ, നമ്പ്യാപുരം, കച്ചേരിപ്പടി, കോണം, പെരുമ്പടപ്പ്, ഇടക്കൊച്ചി, കുമ്പളങ്ങി വഴി എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. കുമ്പളങ്ങി വഴി ശാസ്താ ഓഡിറ്റോറിയം പരിസരം, ചിറയിൽ പറമ്പ്, പെരുമ്പടപ്പ് തെക്ക്, പഷ്ണിത്തോട് പ്രദേശം, കച്ചേരിപ്പടി പടിഞ്ഞാറ്, കോണം പാട്ടാളത്ത് പ്രദേശം, എസ്.വി.ഡി. സ്കൂൾ പരിസരം, മരുന്നുകട, പൊൻവേലിപ്പറമ്പ്, ഇടക്കൊച്ചി കനോസ നഗർ, ചെട്ടിപ്പാടം റോഡ്, കുമ്പളം ഫെറി പരിസരം തുടങ്ങി എല്ലാ ഭാഗത്തും വെള്ളക്കെട്ടുണ്ടായി.