തോപ്പുംപടി : നഗരസഭ കോടികൾ ചെലവഴിച്ചിട്ടും ഇക്കുറിയും കൊച്ചി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. മട്ടാഞ്ചേരി, പള്ളുരുത്തി, ഫോർട്ട്‌കൊച്ചി, തോപ്പുംപടി പ്രദേശങ്ങളിലായുള്ള 28 വാർഡുകളും വെള്ളത്തിലായി.

എല്ലാ വാർഡുകളിലും വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളും വലിയ കനാലുകളുമുണ്ട്. കൊച്ചിയിൽ രാമേശ്വരം-കൽവത്തി കനാലാണ് ഏറ്റവും വലിയ അഴുക്കുചാൽ. നിരവധി ചെറിയ കാനകൾ വന്നു ചേരുന്ന വലിയ കനാലാണിത്. പള്ളുരുത്തിയിലും മദർ കനാൽ ഉൾപ്പെടെയുള്ള വലിയ തോടുകളുണ്ട്.

ചെലവായത് കോടികൾ

ഓരോ വാർഡിലെയും കാനകൾ വൃത്തിയാക്കാൻ എല്ലാ വർഷവും ലക്ഷങ്ങൾ നഗരസഭ അനുവദിക്കുന്നുണ്ട്. ഇക്കുറി ഓരോ വാർഡിലേക്കും ആറ് ലക്ഷം രൂപ വരെ നൽകി. ചെറിയ കാനകൾക്ക് രണ്ട് ലക്ഷം രൂപയും വലിയ കാനകൾക്ക് നാല് ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതുകൂടാതെ ഡിവിഷൻ ഫണ്ടും ജനറൽ ഫണ്ടും കാന വൃത്തിയാക്കാൻ ചെലവിടുന്നുണ്ട്. കുറഞ്ഞത് രണ്ട് കോടി രൂപ ഇതിനു മാത്രം നഗരസഭ ചെലവാക്കുന്നുണ്ട്.

എളുപ്പവഴിയിൽ ക്രിയ

ഇടയ്ക്കിടെ ഓരോ സ്ലാബ് നീക്കി കാനകൾ കോരുന്ന രീതിയാണ് കൊച്ചിയിൽ. ഒരു കാനയും പൂർണമായി കോരുന്നില്ല. വലിയ കനാലുകളിലാണെങ്കിൽ തോടിന്റെ മീതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യവും മറ്റും തോട്ടി ഉപയോഗിച്ച് നീക്കും. കനാലിലെ ചെളി നീക്കുന്ന ഏർപ്പാടില്ല. ഇപ്പോൾ അനുവദിക്കുന്ന തുക കൊണ്ട് കാനകൾ മുഴുവനായും കോരിയാൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് കരാറുകാരുടെ പക്ഷം. പക്ഷെ, കാന മുഴുവൻ കോരിയതായി രേഖയുണ്ടാക്കി പണം കീശയിലാക്കും.

പരിശോധന ഓഫീസിലിരുന്ന്

ഓരോ കാനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ വൃത്തിയാക്കണമെന്നാണ് ചട്ടം. കാന വൃത്തിയാക്കുന്ന സ്ഥലത്ത് പോകുന്ന ഉദ്യോഗസ്ഥർ അത്യപൂർവം. പകരം ഓഫീസിലിരുന്ന് പരിശോധന നടത്തും. കാന വൃത്തിയാക്കാതെ തന്നെ എല്ലാ ക്ലീൻ എന്ന് കത്തെഴുതി വിടുന്ന ചില കൗൺസിലർമാരുമുണ്ട്.

രാമേശ്വരം കനാൽ; ഒഴുക്കിയത് 7.5 കോടി

രാമേശ്വരം കൽവത്തി കനാലിലെ ചെളി കോരുന്നതിനു മാത്രം ഇക്കുറി ചെലവായത് ഏതാണ്ട് 7.5 കോടി രൂപ. രണ്ടര കോടി സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ചെലവാക്കി. അഞ്ച് കോടി അമൃതം പദ്ധതി വഴിയും. കനാൽ കോരുന്ന ജോലികൾ കാര്യമായൊന്നും നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നഗരസഭയുടെ രേഖകളിൽ കനാൽ ക്ലീൻ. കനാൽ പൂർണമായും വൃത്തിയാക്കിയെന്നാണ് നഗരസഭ കോടതിയിലും പറഞ്ഞത്. പക്ഷെ, കനാലിന്റെ പല ഭാഗത്തും ജോലികൾ നടന്നില്ല. ഭിത്തികൾ ബലപ്പെടുത്തലും പൂർണമായില്ല. ഓരോ വർഷവും ഈ കനാലിന്റെ പേരിൽ കോടികൾ ഒഴുകിപ്പോകുന്നുണ്ട്.

എല്ലാം വഴിപാടു പോലെ...

വഴിപാടു പോലെ കാനകൾ കോരുന്ന രീതിയാണ് പ്രശ്നം. ഒരിടത്തും എത്താതെ വഴിയിൽ അവസാനിക്കുന്ന കാനകൾ എത്ര വേണമെങ്കിലും കൊച്ചിയിലുണ്ട്. ഇതിൽ ആവശ്യമില്ലാത്തവയുമുണ്ട്. അനുവദിക്കുന്ന പണം ഉപയോഗിച്ച് കാന വൃത്തിയാക്കാനാവില്ലെന്നാണ് കരാറുകാരും നഗരസഭാ കൗൺസിലർമാരും പറയുന്നത്. മാത്രമല്ല, പണി കഴിഞ്ഞ് മൂന്നു വർഷം കഴിയുമ്പോഴാണ് പണം കിട്ടുക.

പണി എടുക്കാൻ കരാറുകാർ മിക്കപ്പോഴും തയ്യാറാകുന്നില്ല. ഇനി എടുത്താൽ തന്നെ മഴയത്താണ് പണി തുടങ്ങുക. കോരി വയ്ക്കുന്ന ചെളി കാനയിലേക്ക് തന്നെ പോകും. ഇതോടെ നാട്ടുകാർ എതിർപ്പുമായി വരും. കരാറുകാർ പണി ഉപേക്ഷിച്ച് പോകും. പക്ഷെ, അപ്പോഴും നഗരസഭയുടെ പണം ചോരുന്നുണ്ട്. ഇതൊന്നും പരിശോധിക്കാൻ നഗരസഭയ്ക്ക് സംവിധാനമില്ല.