തോപ്പുംപടി: നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ ഓർമയ്ക്കായ് ഇതാദ്യമായി കൊച്ചിയിൽ ഒരു സ്മാരകം. തോപ്പുംപടി ഫിഷിങ് ഹാർബറിനടുത്തുള്ള ഒരു റോഡ് ഇനി ഭാഗവതരുടെ പേരിൽ അറിയപ്പെടും. റോഡിന് അഗസ്റ്റിൻ ജോസഫിന്റെ പേരിടുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ മകനായ ഗാനഗന്ധർവൻ കെ.ജെ. യേശുദാസും പങ്കെടുക്കും. ബുധനാഴ്ചയാണ് ചടങ്ങ്. ആദ്യകാലത്ത് നാടകങ്ങളിലൂടെയാണ് അഗസ്റ്റിൻ ജോസഫ് കലാരംഗത്തെത്തിയത്. നടന്മാർ അരങ്ങിൽ പാടി അഭിനയിച്ചിരുന്ന കാലത്താണ് അഗസ്റ്റിൻ ഭാഗവതർ അരങ്ങിൽ തിളങ്ങിയത്. സ്‌നാപക യോഹന്നാൻ, മിശിഹാ ചരിത്രം തുടങ്ങിയ അക്കാലത്ത് പ്രശസ്തമായ പല നാടകങ്ങളിലും പ്രധാന റോളിൽ അഗസ്റ്റിൻ ജോസഫ് ഭാഗവതരാണ് അഭിനയിച്ചത്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ്‌ ഭാഗവതരുടെയും പാപ്പുക്കുട്ടി ഭാഗവതരുടെയും ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹം ഇവർക്കൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചു. 1950-ൽ ‘നല്ല തങ്ക’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തുമെത്തി. ആ ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെയും രാമറാവുവിന്റെയും സംഗീതത്തിൽ അദ്ദേഹം പാട്ടുകളും പാടി. 1953-ൽ പുറത്തിറങ്ങിയ ‘വേലക്കാരൻ’ എന്ന ചിത്രത്തിലും പ്രധാന റോളിൽ അഗസ്റ്റിൻ ജോസഫ് ഭാഗവതരായിരുന്നു. ആ ചിത്രത്തിലും ദക്ഷിണാമൂർത്തിയായിരുന്നു സംഗീത സംവിധായകൻ. അതിലും അഗസ്റ്റിൻ ജോസഫ് ഭാഗവതർ പാടി. 1965 ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 53 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു റോഡെങ്കിലുമുണ്ടാകുന്നത്. തോപ്പുംപടിക്കടുത്താണ് അദ്ദേഹം താമസിച്ചിരുന്നത്. അതേ സ്ഥലത്തുള്ള റോഡിനാണ് അദ്ദേഹത്തിന്റെ പേരിടുന്നത്. യേശുദാസിനൊപ്പം സെയ്ന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ പഠിച്ചിരുന്ന പഴയ സഹപാഠികളാണ് റോഡിന് അഗസ്റ്റിൻ ജോസഫിന്റെ പേരിടുന്നതിനായി ശ്രമങ്ങൾ നടത്തിയത്. അഞ്ച് വർഷമായി ഈ ശ്രമം തുടർന്നുവന്നു. എന്നാൽ, സാങ്കേതിക പ്രശ്‌നങ്ങളാൽ അത് നീണ്ടുപോയി. വാർഡ് കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ മുൻകൈ എടുത്താണ് ഇപ്പോൾ അത് പ്രാവർത്തികമാക്കിയത്. ബുധനാഴ്ച രാവിലെ 10.30ന് തോപ്പുംപടിയിൽ നടക്കുന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ റോഡിന് പേരിടും. കെ.വി. തോമസ് എം.പി., കെ.ജെ. മാക്‌സി എം.എൽ.എ. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ അറിയിച്ചു.