പള്ളുരുത്തി: പീറ്ററിന്റെ ചായക്കട നിറയെ കലാരൂപങ്ങളാണ്. ചിരട്ടയും ഓലമടലും കാർട്ടൺ കടലാസുമൊക്കെ ചേർത്ത് പീറ്റർ തന്നെ സൃഷ്ടിച്ച കലാരൂപങ്ങൾ. ചെറിയ കടയുടെ ചുവരുകളിലെല്ലാം കലാരൂപങ്ങൾ നിറഞ്ഞിരിക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു ആർട്ട് ഗാലറിയുടെ കാഴ്ചകളാണിവിടെ... അതുകൊണ്ടുതന്നെ പള്ളുരുത്തി മറൈൻ ജങ്ഷനിലെ ‘മരിയാ ടീ ഷോപ്പ്’എന്ന ഈ ചായക്കട നാടിന്റെ ശ്രദ്ധ നേടുകയാണ്.

ലോക്ഡൗൺ കാലമാണ് പീറ്ററിന്റെ ചായക്കടയുടെ രൂപംതന്നെ മാറ്റിക്കളഞ്ഞത്. ആദ്യഘട്ട ലോക്ഡൗൺ കാലത്ത് ചായക്കട ഏതാണ്ട് മൂന്നാഴ്ചയോളം പൂട്ടിയിട്ടു. വെറുതേയിരുന്ന് മനസ്സു മടുത്ത പീറ്റർ അപ്പോഴാണ് കലാരൂപങ്ങളുണ്ടാക്കാൻ തുടങ്ങിയത്. മരപ്പണി അറിയാമായിരുന്ന പീറ്റർ, വീട്ടിലുണ്ടായിരുന്ന ചിരട്ടകളും ഓലമടലും ഉപയോഗിച്ചാണ് ആദ്യം സൃഷ്ടി തുടങ്ങിയത്. പാഴാക്കിക്കളയുന്ന കാർട്ടൺ കടലാസും ഉപയോഗിച്ചു. ആദ്യം പഴയ ഹാർബർ പാലത്തിന്റെ രൂപമുണ്ടാക്കി. പിന്നെ, ബി.ഒ.ടി. പാലത്തിന്റെ രൂപമൊരുക്കി. എട്ടുകാലി, ആമ, മൂർഖൻപാമ്പ്, പരുന്ത്, ചുണ്ടൻവള്ളം, ഓടിവള്ളം, ബോട്ട്, താജ്മഹൽ അങ്ങനെ പീറ്ററിന്റെ കരവിരുതിൽ വിരിഞ്ഞ കലാരൂപങ്ങളുടെ നിര നീണ്ടു...

പഴയകാലത്തെ പോലീസ് വേഷവും നന്നായി തുന്നിയെടുത്തു. പേരക്കുട്ടി ആബി വർഗീസും പീറ്ററിന്റെ സഹായത്തിനെത്തി. ആദ്യ ലോക്ഡൗൺ നീങ്ങി, കട തുറന്നപ്പോഴേക്കും കടയുടെ കാഴ്ചതന്നെ മാറി. ചായ കുടിക്കാൻ കടയിലെത്തുന്നവർക്ക് ഇതൊക്കെ കൗതുകക്കാഴ്ചകളായി. പീറ്ററിന്റെ കടയിലെ കൗതുകങ്ങൾ നാട്ടുവർത്തമാനമായി. കടയിൽ കയറുന്നവർ ഈ രൂപങ്ങളെ ചേർത്ത് സെൽഫിയെടുത്തുതുടങ്ങി. ചിലർ വന്ന്‌ ഫോട്ടോയെടുക്കുന്നു. ചായക്കട നടത്തുന്നതിനൊപ്പം കലാരൂപമുണ്ടാക്കലും പീറ്ററിന്റെ ജീവിതത്തിന്റെ ഭാഗമായി. ഭാര്യ ടെൽമയാണ് ചായക്കട ജോലികളിൽ പീറ്ററിന്റെ സഹായി. 15 വർഷത്തോളം ഗൾഫിൽ ജോലിചെയ്ത പീറ്റർ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് നാട്ടിലെത്തി ചായക്കട തുടങ്ങിയത്.

കട ഒരുവിധം പച്ചപിടിക്കുമ്പോഴാണ് കൊറോണയുടെ വരവ്. കൊറോണ പക്ഷേ, പീറ്ററിലെ കലാകാരനെ ഉണർത്തി. ഇപ്പോഴും കട പഴയതുപോലെ തുറക്കാനാകുന്നില്ല. വിലക്കുകൾ നിലനിൽക്കുന്നതിനാൽ പാഴ്‌സൽ സർവീസ് മാത്രമാണുള്ളത്. വെറുതേ കിട്ടുന്ന സമയമൊന്നും പക്ഷേ, പീറ്റർ പാഴാക്കില്ല. പുതിയ കലാരൂപങ്ങൾ ഉണ്ടാക്കിയെടുക്കും. നാട്ടുകാർ പീറ്ററിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പാഴ്‌വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ കലാരൂപമുണ്ടാക്കാൻ വലിയ ചെലവൊന്നുമില്ലെന്ന് പീറ്റർ പറയുന്നു. ചായക്കടയ്ക്കൊപ്പം, കലാപ്രവർത്തനങ്ങളും തുടരാനാണ് തീരുമാനമെന്നും പീറ്റർ പറയുന്നു.