കരുമാല്ലൂർ: പല ഘട്ടങ്ങളിലായി കൃഷിചെയ്യുന്നത് കരുമാല്ലൂർ പാടശേഖരത്തിൽ പതിവാണെങ്കിലും ഇങ്ങനെയൊരു പ്രതിസന്ധി ഇതേവരെയുണ്ടായിട്ടില്ല. രൂക്ഷമായ വരൾച്ചയിൽ നെൽപ്പാടമെല്ലാം ഉണങ്ങി. പകുതിയിലധികം പാടം വിളഞ്ഞുനിൽക്കുന്നതിനാൽ പുഴയിൽനിന്നുള്ള പമ്പിങ്ങും നടത്താനാകുന്നില്ല. മണ്ണിനോടു മല്ലടിച്ച് നട്ടുവളർത്തിയ നെൽച്ചെടികൾ കരിഞ്ഞുണങ്ങാതിരിക്കാൻ ടാങ്കറിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് കരുമാല്ലൂരിലെ കർഷകർ.

ഇരുനൂറേക്കറോളം വിസ്തൃതിയുള്ള കരുമാല്ലൂർ പാടശേഖരത്തിൽ ഇത്തവണ 180 ഏക്കറിലും കൃഷിയിറക്കിയിട്ടുണ്ട്. കൂട്ടുകൃഷിയാണെങ്കിലും ചില കർഷകർ പതിവുതെറ്റിച്ച് വൈകി കൃഷിചെയ്തിട്ടുണ്ട്. പുതിയ ഇനം വിത്ത് പരീക്ഷിക്കുന്നതിനും ജൈവകൃഷി ചെയ്യുന്നതിനുമൊക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. ജില്ലയിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുത്ത കെ.എം. ലൈജു ചെയ്തിട്ടുള്ള എട്ടേക്കറിൽ ഒരേക്കറോളം ഒറ്റഞാർ കൃഷിയാണ്. മറ്റുള്ളവർ കാഞ്ചന ഇനത്തിൽപ്പെട്ട വിത്തുവിതച്ചപ്പോൾ ലൈജു വിതച്ചത് ഉമയാണ്. ഇതിന് മറ്റുള്ളവയെക്കാൾ കുറച്ചുദിവസത്തെ മൂപ്പ് കൂടുതലുണ്ട്.

മോഹനൻ എന്ന ജൈവ കർഷകൻ തന്റെ പാടത്ത് രണ്ടേക്കറോളം പൂർണമായും ജൈവരീതിയിലാണ് കൃഷിയിറക്കിയിട്ടുള്ളത്. ഇതും ഒരു മാസം വൈകിയാണ് ചെയ്തിട്ടുള്ളത്. അതേസമയം മറ്റുള്ള പാടത്തെല്ലാം ഇപ്പോൾ കൃഷി കൊയ്‌തെടുക്കാറായി. അതുകൊണ്ട് ലിഫ്റ്റ് ഇറിഗേഷനിൽനിന്നുള്ള പമ്പിങ്‌ പാടത്തേക്ക് നടത്താൻ കഴിയില്ല. ഇപ്പോൾ വെള്ളമെത്തിയാൽ മൂപ്പെത്തി നിലത്തടിഞ്ഞുകിടക്കുന്ന ഞാറെല്ലാം നശിച്ചുപോകും. ഇതെല്ലാം ഇവിടത്തെ പതിവ് രീതിയാണ്.

പാടത്തേക്ക് വെള്ളമെത്തിയില്ലെങ്കിലും നിലനിൽക്കുന്ന ഈർപ്പമുപയോഗിച്ച് വൈകി ചെയ്ത കൃഷിയും വളർന്നുപോരാറാണ് പതിവ്. എന്നാൽ, ഇപ്പോഴുണ്ടായിട്ടുള്ള വരൾച്ചയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാടം പൂർണമായി ഉണങ്ങിയിരിക്കുന്നതിനാൽ വെള്ളമെത്തിച്ചില്ലെങ്കിൽ നെൽച്ചെടികളെല്ലാം ഉണങ്ങിപ്പോകും. അതുകൊണ്ടാണ് ടാങ്കർലോറിയിൽ വെള്ളമെത്തിച്ച് പാടത്തേക്ക് ഒഴുക്കിയത്. ടാങ്കർ ഒന്നിന് 2,000 രൂപ വീതം നൽകിയാണ് ജലസേചനം നടത്തുന്നത്.

രണ്ടുവണ്ടി വെള്ളം ഒരേക്കർ പാടത്ത് ഒഴിച്ചെങ്കിലും ഉണക്കിന് യാതൊരു ശമനവുമുണ്ടായിട്ടില്ല. അടുത്ത ദിവസവും ഇതേ രീതിയിൽ ചെയ്യേണ്ടി വരും. ഇത് കർഷകന് അധിക സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യും. മറ്റൊരു കർഷകൻ പാടത്ത് കുഴൽക്കിണർ നിർമിച്ച് അവിടെ നിന്ന്‌ മോട്ടോറിൽ പമ്പുചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു പ്രതിസന്ധി കരുമാല്ലൂരിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.