തൃപ്പൂണിത്തുറ: മിനി ബൈപ്പാസിൽ പുഴയോടു ചേർന്ന് പൈലിങ് ചെളി കൊണ്ട് പാടം അനധികൃതമായി നികത്തുന്നതിനെതിരേ റവന്യൂവകുപ്പ് നടപടി തുടങ്ങി. പാടത്ത് പൈലിങ് ചെളിയടിച്ചു കൊണ്ടിരുന്ന ടാങ്കർ ലോറി തൃപ്പൂണിത്തുറ നടമ വില്ലേജോഫീസറുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പിടികൂടി. നടപടി ക്രമങ്ങൾക്കു ശേഷം ലോറി പോലീസിന് കൈമാറി.

ഈ ഭാഗത്ത് പാടം അനധികൃതമായി കെട്ടിട നിർമാണത്തിന്റെ പൈലിങ് ചെളി ഉപയോഗിച്ച് നികത്തുന്നതായും ഈ ചെളി ഒഴുകി പുഴയിലേക്ക് ചേരുന്നതായും ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് ബന്ധപ്പെട്ടവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെന്ന് വില്ലേജോഫീസർ പറഞ്ഞു. സ്റ്റോപ്പ് മെമ്മോ വകവയ്ക്കാതെ വീണ്ടും ‌ചെളി കൊണ്ടുവന്നടിച്ചപ്പോഴാണ് റവന്യൂവകുപ്പ് അധികൃതർ ടാങ്കർ ലോറി പിടികൂടിയത്. ഈ ഭാഗത്തും തൃപ്പൂണിത്തുറ തെക്കുംഭാഗത്തും പുതിയകാവിലുമൊക്കെ പാടങ്ങളും തണ്ണീർത്തടങ്ങളും അനധികൃതമായി നികത്തുന്നുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് ജോലിത്തിരക്കുകളിലേക്ക് ഉദ്യോഗസ്ഥർ മാറിയ തക്കം നോക്കിയാണ് നികത്തൽ. മിനി ബൈപ്പാസിനരികിൽ പട്ടാപ്പകലാണ് പാടത്ത് അനധികൃതമായി പൈലിങ് ചെളി ടാങ്കറിൽ കൊണ്ടുവന്നടിച്ചിരുന്നത്.