വൈപ്പിൻ: അധികാരം മേൽക്കൈ നേടാൻ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുള്ളതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ചിലരാകട്ടെ സേവനത്തിനും ഉപയോഗപ്പെടുത്തും. അതിനാലാണ് ഒരേനിയമം പല തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത്. നായരമ്പലം ഗ്രാമ പ്പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരവും കമ്യൂണിറ്റി ഹാളും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. എസ്. ശർമ എം.എൽ.എ. അധ്യക്ഷനായി. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 2.63 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമിച്ചത്. പഞ്ചായത്ത് ഓഫീസിനെ ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ രേഖ സ്പീക്കർ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബുവിന് കൈമാറി. ഹൈബി ഈഡൻ എം.പി., ജോൺ ഫെർണാണ്ടസ് എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ജില്ലാ പഞ്ചായത്തംഗം റോസ്‌മേരി ലോറൻസ്, സി.സി. സിജി, ഡൈന്യൂസ് തോമസ്, സുമ വേണു, പി.കെ. രാജീവ്, സവിത രഘു, എൻ.എ. വേണുഗോപാൽ, പി.പി. സാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു സ്വാഗതവും സെക്രട്ടറി കെ.കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.