ആലുവ: എല്ലാവരിലും നന്മയുണ്ടെന്നും നന്മയുടെ വിത്തുകളെ സമൂഹത്തിന് പ്രചോദിപ്പിക്കാനാകണമെന്നും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നേത്രരോഗ വിദഗ്ദ്ധൻ ഡോ. ടോണി ഫെർണാണ്ടസിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേത്രദാന രംഗത്ത് മികച്ച സംഭാവന നൽകിയ ഡോ. ടോണി ഫെർണാണ്ടസിനെ ആദരിക്കാനും അംഗീകരിക്കാനും തയ്യാറായില്ലെങ്കിൽ അദ്ദേഹത്തോടൊപ്പം ജീവിച്ച സമൂഹത്തെ കളങ്കപ്പെടുത്തുമായിരുന്നുവെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിന് ആറ് പതിറ്റാണ്ടിലേറെയായി വൈദ്യശാസ്ത്ര രംഗത്ത് വിലമതിക്കാനാകത്ത സംഭാവന നൽകിയ വ്യക്തിത്വമാണ് ഡോ. ടോണി ഫെർണാണ്ടസ് എന്ന് യോഗത്തിൽ മുഖ്യാതിഥിയായി സംസാരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അധികം സൗജന്യ നേത്രചികിത്സ ക്യാമ്പുകൾ സംഘടിപ്പിച്ചതും ഡോ. ടോണിയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നടൻ മമ്മൂട്ടി ഡോ. ടോണി ഫെർണാണ്ടസിന് ഉപഹാരം കൈമാറി. ആയിരം പേരുടെ നേത്രദാന സമ്മതപത്രം മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഡോ. ടോണി ഫെർണാണ്ടസിന് കൈമാറി.

എം.എൽ.എ. മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, നഗരസഭാ ചെയർപേഴ്സൺ ലിസ്സി എബ്രഹാം, ഔഷധി ചെയർമാൻ ഡോ. കെ.ആർ. വിശ്വംഭരൻ, ജി.സി.ഡി.എ. ചെയർമാൻ സി.എൻ. മോഹനൻ, സ്വാഗതസംഘം ചെയർമാൻ പോൾ മുണ്ടാടൻ, ജനറൽ കൺവീനർ എം.എൻ. സത്യദേവൻ, കോറ പ്രസിഡന്റ് പി.എ. ഹംസക്കോയ എന്നിവർ സംസാരിച്ചു.