കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ദേശീയപാതകളിലും എം.സി. റോഡിലും സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനെര്‍ട്ട്. പാതയോരത്തുള്ള ഹോട്ടലുകളുടെയും മാളുകളുടെയും മുന്‍പില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി ഹോട്ടല്‍/മാള്‍ ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങി. അഞ്ച് മുതല്‍ 50 കിലോ വാട്ടിന്റെ സോളാര്‍ പാനലുകളാണ് ചാര്‍ജിങ് സ്റ്റേഷനില്‍ സ്ഥാപിക്കുക. ഏകദേശം 40 ലക്ഷം രൂപ ചെലവ് വരും. ഇതില്‍ 10 ലക്ഷം അനെര്‍ട്ട് നല്‍കും.

രണ്ടുതരത്തിലുള്ള ചാര്‍ജിങ് മെഷീനുകളാണ് സ്ഥാപിക്കുക. ഫാസ്റ്റ് ചാര്‍ജറില്‍ ഒരു മണിക്കൂറും സ്ലോ ചാര്‍ജറില്‍ ആറു മണിക്കൂറും വേണം.

60 കിലോ വാട്ട് വീതമുള്ള സി.സി.എസ്. (കംബൈന്‍ഡ് ചാര്‍ജിങ് സിസ്റ്റം), ഷാഡമോ, 22 കിലോ വാട്ടുള്ള ടൈപ്പ് ടു എ.സി. ചാര്‍ജറുകളുള്ള 142 കിലോ വാട്ടിന്റെ മെഷീനുകളുമാണ് സ്ഥാപിക്കുക.

സൗരോര്‍ജം ഉപയോഗിച്ച് ഒരു സമയം മൂന്ന് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാം. 50 കിലോ വാട്ട് ചാര്‍ജിങ് സ്റ്റേഷനില്‍ സൗരോര്‍ജത്തിനു പുറമെ വൈദ്യുതി കൂടി ഉപയോഗിക്കുകയാണെങ്കില്‍ നാല് കാറുകള്‍ ചാര്‍ജ് ചെയ്യാം.

യൂണിറ്റിന് 15 രൂപയാണ് നിരക്ക് ഈടാക്കുക. വൈദ്യുതി ഉപയോഗിച്ചാല്‍ കെ. എസ്.ഇ.ബി.ക്ക് അഞ്ച് രൂപ നല്‍കണം. ബാക്കി ഉടമകള്‍ക്ക് ലഭിക്കും. പൂര്‍ണമായും സൗരോര്‍ജം ആണെങ്കില്‍ 15 രൂപയും ഉടമയ്ക്കായിരിക്കും. നിലവിലുള്ള വാഹനങ്ങള്‍ ഒരു തവണ ചാര്‍ജ് ചെയ്യാന്‍ 20 മുതല്‍ 40 യൂണിറ്റ് വൈദ്യുതി വേണ്ടിവരും.

ജില്ലയില്‍ അഞ്ചെണ്ണമാണ് ആദ്യഘട്ടമുണ്ടാവുക. അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോയും ഇ.ഇ.എസ്.എല്ലും (എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്) ചേര്‍ന്നാണ് വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.

പരിശോധനയ്ക്കു ശേഷം സ്റ്റേഷന്‍ ആരംഭിക്കും

'കഴിവതും അടുത്ത മാസം മുതല്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ലഭിച്ച അപേക്ഷകളില്‍നിന്ന് സ്ഥലം അടിസ്ഥാനമാക്കിയാകും ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിക്കുക. ഇതിനായി വിദഗ്ദ്ധസംഘം അപേക്ഷ നല്‍കിയ ഹോട്ടലുകളിലും മാളുകളിലും പരിശോധന നടത്തും' - ജെ. മനോഹര്‍, ഇ മൊബിലിറ്റി സെല്‍ ഹെഡ്, അനെര്‍ട്ട്

Content Highlights: Solar charging stations for electric vehicles