അരൂർ: ഉൾനാടൻ കായലുകളിലും തോടുകളിലും തിങ്ങിനിറഞ്ഞ പായൽക്കൂട്ടത്തിലൂടെ ഇഴജന്തുക്കൾ കരയിലേക്ക് കയറുന്നത് തീരദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞദിവസം കുത്തിയതോട് പഞ്ചായത്തിലെ പ്രധാന തോട്ടിൽ തിങ്ങിനിറഞ്ഞ പായൽക്കൂട്ടത്തിലൂടെ വന്ന മലമ്പാമ്പ് തീരദേശത്തെ വീടുകളിലേക്ക് കയറിയത് പരിഭ്രാന്തിപരത്തി.

തുറവൂർ തൈക്കാട്ടുശ്ശേരി പാലത്തിന് സമീപം കായൽ പൂർണമായും പായൽപ്പരപ്പിലാണ്. ഇവിടെ കരയിലേക്ക് വിഷപ്പാമ്പുകൾ കയറിയതായും നാട്ടുകാർ പറയുന്നു. ഉൾനാടൻ മേഖലയിലെ ഒട്ടുമിക്ക ജലാശയങ്ങളിലും പായൽക്കൂട്ടം നിറഞ്ഞിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങൾ കായലിലിറക്കാൻ പറ്റാത്തവിധം തിങ്ങിനിറഞ്ഞനിലയിലാണ് പായൽ.

മാസങ്ങളായി മീൻപിടിത്തക്കാർക്ക് ജോലിചെയ്യാനാകുന്നില്ല. കടത്തു സർവീസുകൾക്കും ജങ്കാർ സർവീസുകൾക്കും പായൽക്കൂട്ടം ഭീഷണിയാകുന്നു. ഉറവിടങ്ങളിൽത്തന്നെ പായൽ നശീകരണത്തിന് പദ്ധതിയില്ലാത്തതിനാലാണ് നിയന്ത്രിക്കാനാകാത്തവിധം പായൽ പെരുകിയതെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.