:രണ്ടാം പ്രളയം വരുമോയെന്ന ഭീതിയിലാണ് കുറ്റിക്കാട്ടുകര നെൽസൺ മണ്ടേല റോഡിലെ നിവാസികൾ. വെള്ളം ഇറങ്ങിയപ്പോൾ സ്വന്തം വീടുകൾ വൃത്തിയാക്കാൻ ഇറങ്ങിയിരിക്കുകയാണിവർ. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണമായി മുങ്ങിയെങ്കിൽ ഇത്തവണ വെള്ളം പാതിയെ എത്തിയുള്ളു. കഴിഞ്ഞ പ്രളയം മേക്കരപ്പറമ്പ് ഷൈലജ ശിവദാസന്റെ എല്ലാ സമ്പാദ്യവും തട്ടിയെടുത്തു. തിരികെ വന്നപ്പോൾ വീടും പരിസരവുമാകെ ആഫ്രിക്കൻ ഒച്ചുകളാൽ നിറഞ്ഞു. ഒരു വർഷം പിന്നിട്ട് മറ്റൊരു വെള്ളപ്പൊക്കത്തിൽ മറ്റ് സമ്പാദ്യങ്ങളെല്ലാം ഒഴുകിപ്പോയപ്പോഴും ആഫ്രിക്കൻ ഒച്ച് മാത്രം ബാക്കി.

വീട് വൃത്തിയാക്കിയ പരിസരത്ത് വീണ്ടും അവ കടന്നെത്തും. അങ്ങനെ തീരാ ദുരിതമായി മാറിയിരിക്കുകായണ് ഒച്ചുകൾ. ’’പ്രളയം ഞങ്ങടെ സമ്പാദ്യമെല്ലാം തട്ടിയെടുത്തു, ആകെ സമ്മാനമായി കിട്ടയത് ഈ നാശം പിടിച്ച ഒച്ചിനെയാണ്. മറ്റൊരു വെള്ളപ്പൊക്കം വന്ന് എല്ലാം പോയപ്പോഴും അവ ഒഴിയാബാധയായി കിടക്കുകയാണ്’’ - ഷൈലജയുടെ മകൻ സഞ്ജു പറയുന്നു. ദിവസം കഴിയുന്തോറും അവ പെരുകുകയാണ്. വീട്ടിലും വേലിയിലും ഓടിൻ മുകളിലും വഴികളിലുമെല്ലാം ഒച്ച് നിറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ പ്രളയത്തിൽ വീട്ടിലുണ്ടായിരുന്ന സകല വസ്തുക്കളും നഷ്ടമായി. സർക്കാർ നൽകിയ പണം വീടിന്റെ വയറിങ്ങും മറ്റു ജോലികളും നടത്തിയപ്പോൾ തന്നെ തീർന്നു. നഷ്ടമായ സാധനങ്ങൾ ഒരുവിധം വാങ്ങി മുന്നോട്ടു പോകുമ്പോഴാണ് വിളിക്കാത്ത അതിഥിയായി വെള്ളപ്പൊക്കം വീണ്ടും എത്തിയത്. വീടിനകത്തെ കട്ടിലും മറ്റു സാമഗ്രികളും വെള്ളത്തിൽ നനഞ്ഞ് നശിച്ചു. മോട്ടോർ അടക്കം വെള്ളം കയറി പോയി. അടുക്കളയിലെ സാധനങ്ങളെല്ലാം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. കൂടെയുണ്ടായിരുന്ന താറാവുകളും തിരികെയെത്തിയപ്പോൾ ബാക്കിയില്ല.

വെള്ളം ഉയർന്നതോടെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഷൈലജയും മകൻ സഞ്ജുവും 85 വയസ്സായ അമ്മയും അടങ്ങുന്ന കുടുംബം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്. ഞായറാഴ്ച മഴ മാറി നിന്നതിനാൽ ആശ്വാസമുണ്ട്. എന്നാൽ, 15-ന് മഴ ശക്തമാകുമെന്ന് കേൾക്കുന്നതിനാൽ ഭയത്തിലാണ് ഈ കുടുംബം. ഒരു തവണ കൂടി പ്രളയമെത്തിയാൽ പിന്നെ ജീവിതമേയില്ലെന്നാണ് ഇവർ പറയുന്നത്. ഷൈലജ വീട്ടുജോലിക്ക് പോകുന്നുണ്ട്. മകൻ ഒരു സ്വകാര്യ കമ്പനിയിലും. വെള്ളപ്പൊക്കം വന്നതോടെ രണ്ടാൾക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല.

വീട് വൃത്തിയാക്കുമ്പോഴും അവർ മനസ്സുകൊണ്ട് സംതൃപ്തരല്ല. നാളെയൊരു മഴ അവരുടെ വീട് തന്നെ തകർത്തേക്കാം. ’’കഴിഞ്ഞ വർഷം എന്തെങ്കിലും സഹായം കിട്ടി. ഈ വർഷം അങ്ങനെയൊന്ന് പ്രതീക്ഷയില്ല’’ - ഷൈലജ പറഞ്ഞു. ഒറ്റ പ്രാർഥനയെ ഈ അമ്മയ്ക്കും മകനുമുള്ളൂ; വെള്ളപ്പൊക്കത്തിനൊരു അവസാനം, കൂടെ ആഫ്രിക്കൻ ഒച്ചിന്റെ അവസാനവും.