കൊച്ചി : കരാർ ജീവനക്കാർക്കും ആറു മാസത്തെ പ്രസവാവധി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയപ്പോൾ പോരാട്ടം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് എറണാകുളം മൂത്തകുന്നം സ്വദേശി പി.വി. രാഖി.

കരാർ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്കൂൾ അധ്യാപികയായി ജോലിചെയ്യുന്ന രാഖി രണ്ടാമത് ഗർഭിണിയായിരിക്കെ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ് കഴിഞ്ഞ ദിവസത്തെ സർക്കാർ തീരുമാനം. കരാർ ജീവനക്കാരും ആറു മാസത്തെ പ്രസവാവധിക്ക് അർഹരാണെന്ന് തിരിച്ചറിഞ്ഞ് 2017-ലായിരുന്നു രാഖി പോരാട്ടത്തിന് ഇറങ്ങിയത്. തൃശ്ശൂർ നാട്ടിക സർക്കാർ സ്കൂളിൽ സെക്കൻഡറി വിഭാഗം റിസോഴ്സ് അധ്യാപികയായിരുന്നു അന്ന്. കരാർ ജീവനക്കാർക്ക് മൂന്നു മാസമായിരുന്നു അന്ന് പ്രസവാവധി.

ഇതിനിടയിലാണ് കേന്ദ്ര സർക്കാർ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിൽ ഭേദഗതി കൊണ്ടുവരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ആറു മാസത്തെ പ്രസവാവധിക്കായി വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്ക് കത്ത് നൽകി. വകുപ്പുമായി ആലോചിച്ച് തീരുമാനം എടുക്കാൻ ശ്രമിക്കൂ എന്ന വിചിത്രമായ മറുപടിയായിരുന്നു വനിതാ കമ്മിഷൻ നൽകിയതെന്ന് രാഖി ഓർക്കുന്നു.

സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് മനസ്സിലായതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാർ ജോലി പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സഹപ്രവർത്തകർ അടക്കം മുന്നറിയിപ്പ് നൽകിയെങ്കിലും പിന്തിരിയാൻ രാഖി തയ്യാറായില്ല. റിസോഴ്‌സ് ടീച്ചർമാരുടെ സംഘടനയിലെ, സമാന സാഹചര്യമുള്ള ആറ്‌ അധ്യാപകരെയും കക്ഷിചേർത്ത് നിയമ പോരാട്ടം തുടങ്ങി.

ഹർജിക്കാർക്ക് ആറു മാസം പ്രസവാവധി അനുവദിച്ചുകൊണ്ട് സിംഗിൾ ബെഞ്ചിൽനിന്ന് വിധിയുണ്ടായി. മൂന്നു മാസത്തെ പ്രസവാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപായിരുന്നു ഈ വിധിയെന്നും രാഖി പറഞ്ഞു. ഇതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്നത്.

ആറു മാസം മുലപ്പാൽ എന്ന കുഞ്ഞിന്റെ അവകാശത്തിനായി സുപ്രീം കോടതിയിൽ പോകാനും തയ്യാറാണെന്ന നിലപാടിലായിരുന്നു രാഖി. അപ്പീലിലും അവർ കക്ഷിയായി. സിംഗിൾ ബെഞ്ചിന്റെ വിധി എല്ലാ കരാർ ജീവനക്കാർക്കും ബാധകമാക്കിക്കൊണ്ടായിരുന്നു 2018-ലെ ഡിവിഷൻ ബെഞ്ച് ഉത്തരവ്. പക്ഷേ, തടഞ്ഞുവെച്ച മൂന്നു മാസത്തെ ശമ്പളത്തിനു വേണ്ടി രാഖിക്ക് കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്യേണ്ടി വന്നു.

നിലവിൽ കൊടുങ്ങല്ലൂർ അഴീക്കോട് എസ്.എസ്.എം. എച്ച്.എസിൽ അധ്യാപികയാണ് മൂത്തകുന്നം കാക്കനാട്ട് സാമിന്റെ ഭാര്യയായ രാഖി. മക്കൾ: ധർമിത് കിഷൻ, ധരണേഷ് കിഷൻ.

Content Highlight: Six months maternity leave for contract employees