ന്യൂഡൽഹി: ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഒരുക്കാൻ നിർദേശങ്ങളുമായി മൂവാറ്റുപുഴ സ്വദേശി സൈമൺ ജോർജ്. 30 വർഷമായി വീൽചെയറിൽ കഴിയുന്ന സൈമൺ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നിർദേശങ്ങൾ കൈമാറി. നിലവിൽ ഇന്ത്യയിൽ ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നും അതുകൊണ്ടാണ് മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാർ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്താത്തതെന്നും സൈമൺ പറഞ്ഞു.

ഭിന്നശേഷി സൗഹൃദ യാത്രാ മാർഗങ്ങൾ ഒരുക്കണമെന്ന് സൈമൺ അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഗതാഗത മാർഗങ്ങൾ ഭിന്നശേഷിക്കാർക്ക് അനുകൂലമാക്കണം. ബസുകളിലും മറ്റ് വാഹനങ്ങളിലും ഹൈഡ്രോളിക് റാംപുകളും സ്‌പെഷ്യൽ റാംപുകളും ഏർപ്പെടുത്തണം, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ ഹോട്ടലുകളിൽ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കായി ഹെൽപ്പ്‌ ഡെസ്‌കുകൾ സ്ഥാപിക്കണം. ശ്രവണശേഷിയില്ലാത്തവർക്കായി ഭാഷാ സഹായികളെ ഏർപ്പെടുത്തണം. വീൽചെയറുകൾ, വാക്കിങ്‌ സ്റ്റിക്കുകൾ, ക്രച്ചസുകൾ, പവർ വീൽ ചെയറുകൾ തുടങ്ങിയവ ഹെൽപ്പ്‌ ഡെസ്‌കുകളിൽ ഏർപ്പെടുത്തണം. സുരക്ഷാ ഗാർഡുകളും ഗൈഡുകളും ഭിന്നശേഷിക്കാരെ സഹായിക്കുന്നവരായിരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

നിർദേശങ്ങൾ ഗൗരവപൂർവം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചതായി സൈമൺ പറഞ്ഞു. ഡൽഹിയിൽ, ഭിന്നശേഷിക്കാർക്ക് റോഡ് ഗതാഗതം സുഗമമാക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന സമ്മേളനത്തിലും സൈമൺ പ്രബന്ധം അവതരിപ്പിച്ചു. കൊച്ചി കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ‘സ്‌പെഷ്യൽ കെയർ ഹോളിഡെയ്‌സ്’ എന്ന സ്ഥാപനത്തിനും സൈമൺ തുടക്കമിട്ടിട്ടുണ്ട്.