അരൂർ: പ്രതിഷേധവും പ്രചാരണ പ്രവർത്തനങ്ങളുമായി യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ മണ്ഡലത്തിൽ പര്യടനപരിപാടികളിൽ ഏർപ്പെട്ടു. എരമല്ലൂർ-എഴുപുന്ന റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് സ്ഥാനാർഥിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. നേതാക്കൾ വിവിധ പരിപാടികളുമായി മണ്ഡലത്തിലുണ്ട്. ഇവരോടൊപ്പം ചേർന്ന് പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുക്കുകയും ഒപ്പം വോട്ട് അഭ്യർഥിക്കുകയും ചെയ്താണ് ഷാനിമോൾ മുന്നേറുന്നത്. അരൂർ, അരൂക്കുറ്റി, പൂച്ചാക്കൽ, പള്ളിപ്പുറം, എരമല്ലൂർ, കോടംതുരുത്ത് ഭാഗങ്ങളിലാണ് പ്രവർത്തകരോടൊപ്പം സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചത്. പ്രധാന വ്യവസായശാലകൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിച്ച് മണ്ഡലം തലങ്ങളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും ഷാനിമോൾ പങ്കെടുത്തു.