കൊച്ചി: സെറ്റില്‍ 2021-ന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന് വൈകീട്ട് 5.30-ന് മന്ത്രി കെ.ടി.ജലീല്‍ സൂമിലൂടെ നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സാബു തോമസ് അധ്യക്ഷത വഹിക്കും. 35-ല്‍ അധികം ദിവസങ്ങളിലായി നടക്കുന്ന 60-ല്‍ പരം സെഷനുകളില്‍ ലോകമെമ്പാടുമുള്ള 40-ഓളം വിദഗ്ദ്ധര്‍ പങ്കെടുക്കും. 

കക്ഷികള്‍ക്ക് തങ്ങളുടെ വ്യക്തിപരവും വാണിജ്യപരവുമായ പ്രശ്‌നങ്ങള്‍ കോടതിക്കു പുറത്തു വിദഗ്ദ്ധരുടെ സഹായത്തോടെ സൗഹാര്‍ദ്ദപരമായി ഒത്തുതീര്‍പ്പിലെത്താന്‍ അവസരം സൃഷ്ടിക്കുന്ന ഒരു ബദല്‍ തര്‍ക്കപരിഹാര പ്രക്രിയയാണ് മീഡിയേഷന്‍. അന്താരാഷ്ട്ര തലത്തില്‍ മീഡിയേഷന്റെ പ്രാധാന്യം പൊതുവെ കൂടുകയാണ്, പ്രത്യേകിച്ചും ഐക്യരാഷ്ട്രസഭയുടെ സിംഗപൂര്‍ കണ്‍വെന്‍ഷന്‍ ഓണ്‍ മീഡിയേഷന്റെ വരവോടെ.

ചില കോടതി വ്യവഹാരങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായും മീഡിയേഷന്‍ നടത്തണം എന്നുള്ള നിയമം, എല്‍എല്‍ബിക്ക് നിര്‍ബന്ധമായും മീഡിയേഷന്‍ പഠിപ്പിച്ചിരിക്കണം എന്ന ബാര്‍ കൗണ്‍സില്‍ നിബന്ധന, മീഡിയേഷനു മാത്രമായി പാസാക്കാനിരിക്കുന്ന ദേശീയ നിയമം എന്നിവയൊക്കെ ഇന്ത്യയിലും മീഡിയേഷന്‍ ലഭിക്കുന്ന വലിയ സ്വീകാരൃതയുടെ ലക്ഷണങ്ങള്‍ ആണ്. 

മീഡിയേഷന്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരവും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കുകയും അത് ഫലപ്രദമായി നടത്താന്‍ നൈപുണ്യമുള്ള പ്രൊഫഷനലുകളെ വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് സെറ്റിലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. മഹാത്മാഗാന്ധി സര്‍വകലാശാല, കേരള സ്‌റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍ സെന്റര്‍ എന്നിവരുടെ പിന്തുണയോടെ സഹകരണ മേഖലയില്‍ കേരളത്തിലുള്ള ഏക നിയമ കലാലയമായ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ (തൊടുപുഴ)യും നിരവധി ആസിയന്‍ നിയമ പ്രോജകുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള എംകെഎംഎസും സംയുക്തമായാണ് സെറ്റില്‍ 2021 സംഘടിപ്പിക്കുന്നത്.

മീഡിയേഷന്റെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര പാനല്‍ ചര്‍ച്ചകള്‍, നിയമ കലാലയങ്ങള്‍ക്കായി ദേശീയ തലത്തിലുള്ള മോക്ക് മീഡിയേഷന്‍ മത്സരം, നിയമ വിദ്യാര്‍ഥികള്‍ക്കും യുവ അഭിഭാഷകര്‍ക്കും വേണ്ടിയുള്ള മീഡിയേഷന്‍ വര്‍ക്ക് ഷോപ്പുകള്‍, നിയമ അധ്യാപകര്‍ക്കു വേണ്ടിയുള്ള ഫാക്കല്‍റി കപ്പാസിറ്റി ബില്‍ഡിങ്ങ് പ്രോഗ്രാം, തിരഞ്ഞെടുക്കപ്പെട 25-ഓളം സംഘടനകള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയാണ് സെറ്റില്‍ 2021 ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.