ചേർത്തല : ഓരോ യാത്രയ്ക്കും ഒന്നും രണ്ടും ആഡംബരവാഹനങ്ങളാണു മോൻസൺ ഉപയോഗിച്ചിരുന്നത്. ഒന്നിൽ മോൻസണും മറ്റൊന്നിൽ അംഗരക്ഷകരുമായായിരുന്നു യാത്ര. ചില യാത്രകളിൽ ആംഡബരവാഹനത്തിന്റെ എണ്ണം കൂടും. ചിലപ്പോൾ യാത്ര കാരവനിലായിരുന്നു.

മാറിമാറി ആഡംബരക്കാറുകളിൽ എത്തിയിരുന്ന മോൻസണെ നാട്ടുകാർ സംശയത്തോടെയായിരുന്നു കണ്ടിരുന്നത്. ഡൽഹി, ഹരിയാണ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങളാണിവ. മറ്റു സംസ്ഥാനങ്ങളിലെ വ്യവസായികളിൽനിന്നും മറ്റും ഉപയോഗിച്ച ആഡംബരക്കാറുകളെടുത്ത്‌ സിനിമാ മേഖലയിലും ട്രാൻസ്‌പോർട്ട് കമ്പനികൾക്കും വാടകയ്ക്കു നൽകുകയും വിൽക്കുകയുമായിരുന്നു ഇയാൾ.

ഇത്തരത്തിൽ നടത്തിയ ഇടപാടിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നാണ് കാരവൻ അടക്കമുള്ള 21 വാഹനങ്ങൾ ചേർത്തല പോലീസ്‌ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജില്ലയിലെതന്നെ ട്രാൻസ്‌പോർട്ടിങ് ഏജൻസി നടത്തുന്ന ഒരു ഉന്നത ഗ്രൂപ്പുമായുള്ള ഇടപെടലിലെ കോടികളുടെ തർക്കങ്ങളാണു നിയമനടപടികളും വാഹനം പിടിച്ചെടുന്നതിലുമെത്തിയത്. ഇതിലും വലിയ പങ്കും ഇതരസംസ്ഥാന രജിസ്‌ട്രേഷനിലുള്ളതാണ്.