കൊച്ചി: ശബരിമല ദർശനത്തിനു പോകാൻ മാലയിട്ട യുവതികൾ മാധ്യമങ്ങളെ കാണുന്നുവെന്ന് വാർത്ത വന്നതോടെ എറണാകുളം പ്രസ്‍ക്ലബ്ബ് പരിസരം പ്രതിഷേധ വേദിയായി. ശബരിമല കർമസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രശ്നസാധ്യത മുന്നിൽക്കണ്ട് പോലീസും എത്തിയിരുന്നു.

12 മണിയോടെ യുവതികൾ മാധ്യമങ്ങളെ കാണുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഒന്നരയോടെയാണ് പത്രസമ്മേളനം തുടങ്ങിയത്. യുവതികൾ മൂന്നുപേരും പത്രസമ്മേളനത്തിനായി എത്തുമ്പോൾ പുറത്ത് പ്രതിഷേധക്കാർ വളരെ കുറവായിരുന്നു. ഐ.ജി. ഓഫീസിനു മുന്നിൽ നടന്ന നാമജപ മാർച്ച് അവസാനിച്ചതോടെ അവിടെ നിന്നുള്ളവരും പ്രസ്‌ക്ലബ്ബ് പരിസരത്തേക്കെത്തി.

പ്രതിഷേധക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നാമജപത്തിന്റെ വീറും കൂടി. പ്രസ്‌ക്ലബ്ബിനു മുന്നിലെ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കാൽനടക്കാർക്കു പോലും കടന്നുപോകാനാകാത്ത വിധത്തിലായിരുന്നു നാമജപ സംഘം റോഡിൽ നിരന്നത്.

അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം. പത്രസമ്മേളനം കഴിഞ്ഞും യുവതികളോട് അല്പസമയം കൂടി പ്രസ്‌ക്ലബ്ബിന് അകത്തുതന്നെ തുടരാൻ പോലീസ് നിർദേശിച്ചു. ഇതിനിടെ പ്രതിഷേധക്കാരുമായി പോലീസ് സംസാരിച്ചു. പത്രസമ്മേളനത്തിനിടെ യുവതികൾ നൽകിയ പത്രക്കുറിപ്പും പോലീസ് പ്രതിഷേധക്കാർക്ക് നൽകി. ഇത്ര കലുഷിതമായ അന്തരീക്ഷത്തിലല്ല അയ്യപ്പനെ കാണാൻ ആഗ്രഹിക്കുന്നതെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

പിന്നീട് പോലീസ് സുരക്ഷാവലയം തീർത്താണ് യുവതികൾക്ക് പുറത്തേക്ക് വഴിയൊരുക്കിയത്.

രണ്ടു മണിയോടെയാണ് പത്രസമ്മേളനം കഴിഞ്ഞത്. രണ്ടര കഴിഞ്ഞതോടെയാണ് പോലീസിന് ഇവരെ പുറത്തിറക്കാനായത്. പ്രതിഷേധക്കാരിൽനിന്ന് വളരെ അകലേക്ക് എത്തുന്നതുവരെ യുവതികൾക്ക് പോലീസ് സംരക്ഷണം നൽകിയിരുന്നു.