കൊച്ചി : ചായയ്ക്കൊരു റഷ്യൻ പുതുരുചിയോടെ വെള്ളിയാഴ്ച വിജയനും മോഹനയും ചായക്കട തുറന്നു. രണ്ടാഴ്ചത്തെ റഷ്യൻ യാത്രയ്ക്കുശേഷം ബുധനാഴ്ചയാണ് വിജയനും മോഹനയും കുടുംബാംഗങ്ങളും മടങ്ങിയെത്തിയത്.

പതിവ് യാത്രകളിൽ വിജയനും ഭാര്യ മോഹനയും മാത്രമാണ് ഉണ്ടാവാറുള്ളത്. എന്നാൽ, ഇത്തവണ മകളും ഭർത്താവും കൊച്ചുമകളും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ചായക്കട തുറന്നതുമുതൽ പതിവ് 'ബാലാജി സ്നേഹികൾ' കടയ്ക്കു മുൻപിൽ ഹാജരായി. എല്ലാവർക്കും ചോദിക്കാനുള്ളത് റഷ്യൻ വിശേഷങ്ങൾ. ഓരോ ചായയ്ക്കുമൊപ്പം ചിരിയോടെ റഷ്യൻ അനുഭവങ്ങൾ വിവരിക്കാനും വിജയൻ മടിച്ചില്ല. യാത്രയിൽ പ്രധാന പ്രശ്നക്കാരനായി തണുപ്പ് വന്നതാണ് വിജയനെ തളർത്തിയത്.

മോസ്‌കോ, സെയ്ന്റ് പീറ്റേഴ്‌സ്ബർഗ്, റഷ്യൻ പാർലമെന്റ് മന്ദിരം, റെഡ് സ്‌ക്വയർ, ക്രെംലിൻ കൊട്ടാരം എന്നിവയെല്ലാം യാത്രയുടെ ഭാഗമായി. കോവിഡ് ലോക്‌ഡൗണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നതിനാൽ ലെനിൻ ഗാർഡനുള്ളിൽ കയറാൻ കഴിഞ്ഞില്ല.

അടുത്ത യാത്രയിൽ വ്ലാദിമിർ പുടിനെയും കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജയൻ പറയുന്നു. വേൾഡ് മലയാളി ഫെഡറേഷന്റെ സ്വീകരണവും ഇവർക്കു ലഭിച്ചു. ഫെഡറേഷൻ അംഗങ്ങളുടെ ആഗ്രഹപ്രകാരം അവിടെയുള്ള ഹോട്ടലിന്റെ അടുക്കളയിൽ കയറി ഉഴുന്നുവടയും ചായയും ഉണ്ടാക്കി എല്ലാവർക്കും നൽകി.

അടുത്ത യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് 'യാത്രകളൊന്നും തീരുമാനിച്ച് ഉറപ്പിച്ച് നടത്തിയവയല്ല, എല്ലാം അതിന്റേതായ വഴിക്ക്‌ എത്തിച്ചേരും. ഇനിയുള്ള യാത്രകളും അങ്ങനെ തന്നെയായിരിക്കും. പോകണമെന്ന് തോന്നുമ്പോൾ പുതിയൊരിടത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പുകൾ തുടങ്ങും' - വിജയൻ പറയുന്നു.