കൊച്ചി: പേമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ബലിപെരുന്നാൾ ദിനമായ തിങ്കളാഴ്ച നാനാ ഭാഗത്തു നിന്ന്‌ സഹായ പ്രവാഹം. കളക്ഷൻ സെന്ററുകളിൽ വലിയ തിരക്കായിരുന്നു പെരുന്നാൾ ദിനത്തിൽ അനുഭവപ്പെട്ടത്.

കുസാറ്റിലെ സെമിനാർ ഹാളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽ വിദ്യാർഥികളായ വൊളന്റിയർമാർ വിശ്രമമില്ലാതെ സാധനങ്ങൾ തരം തിരിക്കുന്നതിന്റെയും പാക്ക് ചെയ്യുന്നതിന്റെയും തിരക്കിലാണ്. തിങ്കളാഴ്ച ഇവിടെ നിന്ന് പുറപ്പെട്ട രണ്ട് ലോഡ് സാധനങ്ങൾ നിലമ്പൂരിൽ മന്ത്രി കെ.ടി. ജലീൽ ഏറ്റുവാങ്ങി. തിങ്കളാഴ്ച വൈകീട്ട് വരെ രണ്ട് ലോഡ് സാധനങ്ങൾ തയ്യാറായി.

കുട്ടികളുടെ വസ്ത്രം ലഭിക്കുന്നതിൽ കുറവുണ്ട്. കൊച്ചി സർവകലാശാല യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്. 75-ഓളം വിദ്യാർഥികളാണ് വൊളന്റിയർമാരായി രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഇവിടെ ജോലി ചെയ്യുന്നത്.

മഹാ പ്രളയകാലത്ത് ’കേരളത്തിനൊരു കൈത്താങ്ങു’മായി കർമരംഗത്ത് സജീവമായിരുന്ന ‘മാതൃഭൂമി’ സഹായമെത്തിക്കുന്നതിൽ ഇത്തവണയും മുന്നിലുണ്ട്. സഹായങ്ങൾ ‘മാതൃഭൂമി’യിലെ മഞ്ഞുമ്മൽ ഓഫീസിൽ സ്വീകരിക്കും. കഴിഞ്ഞ തവണത്തേതുപോലെ ‘അൻപോട് കൊച്ചി’യും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ദുരിതം വിതച്ച ജില്ലകളിലെ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കുന്നത്. നടൻ ഇന്ദ്രജിത്ത്, ഭാര്യ പൂർണിമ എന്നവരുടെ നേതൃത്വത്തിലാണ് അൻപോട് കൊച്ചിയുടെ പ്രവർത്തനം. കടവന്ത്രയിലെ റീജണൽ സ്പോർട്‌സ് സെന്ററിലാണ് അൻപോട് കൊച്ചി സാധനങ്ങൾ ശേഖരിക്കുന്നത്.

ആലുവയിൽ നിന്ന് വാഹനങ്ങൾ പുറപ്പെട്ടു തുടങ്ങി

ആലുവ: ആലുവ യുവജന കൂട്ടായ്മയുടെ (ആലുവ യൂത്ത് സർക്കിൾ) ആദ്യ സഹായ വാഹനം ഉത്തര കേരളത്തിലേക്ക്‌ പുറപ്പെട്ടു. ആലുവ മെട്രോ സ്റ്റേഷന് എതിർവശത്തായി സിറ്റി കാസ്റ്റിൽ കെട്ടിടത്തിലാണ് ഇവരുടെ കളക്ഷൻ സെന്ററുള്ളത്. അടുത്ത വാഹനം ചൊവ്വാഴ്ച പുറപ്പെടും.

‘ബ്രേക്കിങ് ന്യൂസ് കുട്ടമശ്ശേരി’ എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മയും ചൊവ്വര ചാരിറ്റബിൾ സൊസൈറ്റിയും ഒത്തുചേർന്ന് അവശ്യ സാധനങ്ങൾ സംഭരിച്ചു തുടങ്ങി. ചൊവ്വരയിലും കുട്ടമശ്ശേരിയിലും കളക്ഷൻ സെന്ററുകൾ തുറന്നാണ് സാധനങ്ങൾ ശേഖരിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കിട്ടിയിട്ടുണ്ട്. ഇവ നിലമ്പൂർ മേഖലയിലേക്ക് ബുധനാഴ്ചയോടെ എത്തിക്കും.

പുളിഞ്ചോട് ദേശാഭിവർദ്ധിനി സഹകരണ ബാങ്കിന്റെ പഴയ കെട്ടിടത്തിൽ വിദ്യാർഥി യുവജന കൂട്ടായ്മ ’കൈത്താങ്ങായ്’ എന്ന പേരിൽ കളക്ഷൻ പോയിന്റ് ആരംഭിച്ചിട്ടുണ്ട്. സേവാഭാരതിയുടെ നേതൃത്വത്തിൽ ആലുവ കേശവസ്മൃതിയിലും അവശ്യ സാധനങ്ങളുടെ ശേഖരണം ആരംഭിച്ചിട്ടുണ്ട്. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി, കൊച്ചിൻ വെൽഫെയർ സെന്റർ, കരുണ വാട്ട്‌സ് ആപ്പ് കൂട്ടായ്മ, മറ്റ് ചെറിയ ക്ലബ്ബുകൾ, യുവജന, വാട്ട്‌സ് ആപ്പ് കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിലും ശേഖരണം നടത്തുന്നുണ്ട്.

വരാപ്പുഴയിൽ കളക്ഷൻ സെന്റർ തുടങ്ങി

വരാപ്പുഴ: മലബാർ പ്രദേശങ്ങളെ സഹായിക്കാൻ കോരമ്പാടം സഹകരണ ബാങ്ക്, കടമക്കുടി ഗ്രാമ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ കളക്ഷൻ സെന്റർ തുറന്നു. കോരമ്പാടം സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും എല്ലാ ശാഖകളിലുമായി ശനിയാഴ്ച വരെ കളക്ഷൻ സെന്റർ പ്രവർത്തിക്കും. വിവരങ്ങൾക്ക് ഫോൺ: 0484 2430344.

പ്രസ്‌ ക്ലബ്ബ് കേന്ദ്രീകരിച്ച് കളക്ഷൻ സെന്റർ

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങൾ ശേഖരിച്ച് കൈമാറുന്നതിന് തിങ്കളാഴ്ച മുതൽ എറണാകുളം പ്രസ്‌ ക്ലബ്ബ് കേന്ദ്രീകരിച്ച് കളക്ഷൻ സെന്റർ തുടങ്ങി. ഫോൺ: 0484 2355046.

മലബാർ മേഖലയിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് എറണാകുളം ടോക് എച്ചിന് സമീപം റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഈസ്റ്റ് ഹാളിൽ കളക്ഷൻ സെന്റർ ചൊവ്വാഴ്ച തുറക്കും. ഫോൺ: 938881888.