കൊച്ചി: ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പറോ രജിസ്‌ട്രേഷൻ നമ്പറോ പ്രദർശിപ്പിക്കണമെന്ന നിർദേശം കർശനമാക്കുന്നു. ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, പലചരക്ക് കട തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ വേണ്ടത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റിയുടേതാണ് (എഫ്.എസ്.എസ്.എ.ഐ.) നിർദേശം. ജനുവരി മുതൽ ഇത് കർശനമാക്കും. വീഴ്ചയുണ്ടായാൽ ആദ്യം മുന്നറിയിപ്പ് നൽകും. തുടർന്നും പരിഹരിച്ചില്ലെങ്കിൽ പിഴയീടാക്കും. ഒരു ലക്ഷം രൂപ പിഴയും ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ നടപടികളും ഉണ്ടാവും. ഇതനുസരിച്ചുള്ള പരിശോധന തുടങ്ങാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു.

12 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ മതി. അതിനു മുകളിൽ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് വേണം. നമ്പറുകൾ കടയിലെത്തുന്നവർക്ക് കാണാൻ കഴിയുന്ന വിധത്തിൽ മുൻപിൽത്തന്നെ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. ഉപഭോക്താക്കൾക്ക് സ്ഥാപനങ്ങളെ കുറിച്ച് പരാതിയുണ്ടെങ്കിൽ രജിസ്‌ട്രേഷൻ/ലൈസൻസ് നമ്പറുകൾ കൂടി ഉൾപ്പെടുത്തി പരാതി നൽകണമെന്നാണ് എഫ്.എസ്.എസ്.എ.ഐ. അറിയിച്ചിരിക്കുന്നത്.

ബില്ലുകൾ, രസീതുകൾ, കാഷ് മെമ്മോ തുടങ്ങി എല്ലാ ബിസിനസ് രേഖകളിലും സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്‌ട്രേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഒക്ടോബർ മുതൽ പരിശോധനകൾ കർശനമാക്കണമെന്നായിരുന്നു എഫ്.എസ്.എസ്.എ.ഐ. ഭക്ഷ്യസുരക്ഷാ വകുപ്പിനു നൽകിയ നിർദേശം. എന്നാൽ രസീതുകളിൽ രജിസ്‌ട്രേഷൻ നമ്പർ ചേർക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാര സംഘടനകൾ രംഗത്തെത്തിയതോടെയാണ് ജനുവരി വരെ സമയം അനുവദിച്ചത്.