കാക്കനാട്: ഗതാഗതം ദുസ്സഹമായതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ച റോഡുകളിൽ പണിയുടെ പേരിൽ ’ഒപ്പിക്കൽ’ പണി നടത്തിയാൽ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ മുന്നറിയിപ്പ്. റോഡ് പണി പുരോഗതി വിലയിരുത്തുന്നതിന് വിളിച്ചു ചേർത്ത യോഗത്തിലാണ് കളക്ടർ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയത്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നിങ്ങൾക്ക് ശമ്പളം നൽകുന്നത്. പരിശോധനയിൽ അറ്റകുറ്റപ്പണി നടത്തിയ റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ റോഡ് പണി ഞാൻ നേരിട്ട് ഇറങ്ങി നടത്തും. ഇതിന്റെ പണം നിങ്ങളുടെ ശമ്പളത്തിൽനിന്ന് പിടിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

ജില്ലയിലെ ഏറ്റവും മോശമായ 45 റോഡുകൾ നന്നാക്കാനാണ് കളക്ടർ ആവശ്യപ്പെട്ടിരുന്നത്. നിശ്ചിത സമയത്തിനകം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കരാറുകാർക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ നടപടി ചട്ടപ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. നിർദേശം ലഭിക്കുന്നതിനു മുമ്പും പണി തുടങ്ങിയതിനു ശേഷവുമുള്ള ഫോട്ടോ സഹിതം ഉദ്യോഗസ്ഥർ യോഗത്തിനെത്താനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം എല്ലാവരും ഫോട്ടോ സമർപ്പിച്ചു. ഇവ പരിശോധിക്കാൻ എറണാകുളം ഡി.സി.പി.യോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിൽനിന്ന്‌ റിപ്പോർട്ട് തേടുന്നതിനു പുറമേ കളക്ടർ നേരിട്ടെത്തിയും പരിശോധിക്കും. ചിലയിടങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് സന്ദർശിച്ചെന്നും അദ്ദേഹം അറിയിച്ചു.

കലൂർ - പാലാരിവട്ടം, കതൃക്കടവ്-തമ്മനം, കാക്കനാട് - പാലാരിവട്ടം, ഇടപ്പള്ളി - ചേരാനല്ലൂർ - കളമശ്ശേരി, വൈറ്റില - കുണ്ടന്നൂർ - പൊന്നുരുന്നി, പുല്ലേപ്പടി, അരൂർ - വൈറ്റില, മരട് - കുണ്ടന്നൂർ, സീപോർട്ട്- എയർപോർട്ട്, കരിങ്ങാച്ചിറ - തിരുവാങ്കുളം, വൈക്കം - പൂത്തോട്ട, എറണാകുളം- വൈപ്പിൻ, ഓൾഡ് തേവര - ഫോർഷോർ റോഡ്, വളഞ്ഞമ്പലം - രവിപുരം തുടങ്ങിയ റോഡുകളാണ് പട്ടികയിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നത് പണിക്ക് തടസ്സമാകുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പകൽ ഗതാഗതം നിർത്തിവെയ്ക്കാനുമാകില്ല. ഒറ്റവരിയായി വാഹനം കടത്തിവിട്ടാണ് പലയിടത്തും അറ്റകുറ്റപ്പണികൾ നടത്തിയത്. ശേഷിക്കുന്ന റോഡുകൾ സെപ്റ്റംബർ 24, 25 തീയതികളിൽ രാത്രി 10 മുതൽ ആറുവരെ പണി നടത്തി ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.