തൃപ്പൂണിത്തുറ: ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചുവന്ന് ‘കാലന്റെ കുരുക്കിൽ’ വീണു, ‘മാലാഖമാരു’ടെ കാരുണ്യത്താൽ വീണ്ടും ജീവിതത്തിലേക്ക്‌... റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിൽ മോട്ടോർവാഹന വകുപ്പ് നടത്തിയ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചു വന്നവരെയും സീറ്റ്ബെൽറ്റിടാതെ കാർ ഓടിച്ചു വന്നവരെയുമാണ് ‘കാലന്റെ’ വേഷത്തിൽ നിന്നയാൾ പിടികൂടിയത്.

കൈയിലെ കയർക്കുരുക്ക് വാഹനയാത്രികരുടെ കഴുത്തിലിട്ടശേഷം ‘എന്റെ കൂടെ പോരുന്നോ’ എന്ന് ‘കാലൻ’ ചോദിക്കുന്നു. ഈ സമയം ‘മാലാഖമാരുടെ’വേഷത്തിൽ നിന്നിരുന്ന രണ്ട് പെൺകുട്ടികൾ ഒരുതവണ ക്ഷമിച്ചേക്കൂ എന്ന് കാലനോട് അഭ്യർഥിക്കും. കാലൻ കയറ്‌ മാറ്റുകയും ഹെൽമെറ്റും സീറ്റ്ബെൽറ്റുമൊക്കെ ധരിക്കേണ്ടതിന്റെ ആവശ്യകത മാലാഖമാർ വാഹന യാത്രികരെ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുത്ത് പറഞ്ഞുവിടുകയുമായിരുന്നു.

ഹെൽമെറ്റും സീറ്റ്ബെൽറ്റുമൊന്നും ധരിക്കാതെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് അതുമൂലമുണ്ടാകാവുന്ന ദോഷങ്ങൾ വളരെ എളുപ്പം മനസ്സിലാക്കിക്കൊടുക്കുന്നതായിരുന്നു ഈ രീതിയിലെ ബോധവത്കരണം. കാഴ്ചക്കാരായി ഒട്ടേറെ ആളുകളും കൂടി.

തൃപ്പൂണിത്തുറ ജോയിന്റ് ആർ.ടി.ഒ. ടി.എം. ജെർസൺ, എം.വി.ഐ.മാരായ സെയ്ഫിലാൽ, ടി.എക്സ്. ജോയി, അസി. എം.വി.ഐ.മാരായ ബിജോയ് പീറ്റർ, ബ്രൈറ്റ് ഇമ്മാനുവൽ, എസ്. ഗോപി എന്നിവർ നേതൃത്വം നൽകി.