കോതമംഗലം: കാടും പുഴകളും നിറഞ്ഞ കുട്ടമ്പുഴയിൽ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുന്നു. മഴമാറിയതോടെ പുഴയും കാട്ടരുവികളും വറ്റിവരണ്ട അവസ്ഥയിലാണ്. ഒരാഴ്ചയായി കുട്ടമ്പുഴ പഞ്ചായത്തിൽ പമ്പിങ് മുടങ്ങിയിട്ട്. ഇടമലയാറും പൂയംകുട്ടിയാറും കാട്ടിൽ നിന്നുള്ള നിരവധി തോടുകളും ചേരുന്ന കുട്ടമ്പുഴയാറിൽ കാൽപ്പാദം നനയാനേ വെള്ളമുള്ളൂ. രണ്ടാഴ്ച മുമ്പുവരെ സമൃദ്ധമായിരുന്ന പുഴയിൽ മഴക്കാലം മാറിയതോടെ ഒഴുക്കുനിലച്ച്് പാറക്കെട്ടുകൾ തെളിഞ്ഞുകാണാവുന്ന അവസ്ഥയിലാണ്.

സത്രപ്പടി പമ്പ്ഹൗസിൽ നിന്നാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിേലക്ക്‌ കുടിവെള്ളം എത്തിക്കുന്നത്. പമ്പ്ഹൗസിലെ ഫുട്ട്‌വാൽവ് നനയാൻപോലും വെള്ളമില്ലാത്ത അവസ്ഥ, സമീപകാലത്ത്് ഇത്ര രൂക്ഷമായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. എട്ടുദിവസത്തിനിടെ കഴിഞ്ഞ ദിവസമാണ് രണ്ടു മണിക്കൂർ കുടിവെള്ളം കിട്ടിയത്. അതും റോഡുവക്കിൽ താമസിക്കുന്നവർക്ക്. ഉയർന്ന പ്രദേശത്തുള്ളവർക്ക്് തൊണ്ടനനയ്ക്കാൻപോലും വെള്ളമില്ലാത്ത സ്ഥിതിവിശേഷമാണ്.

വേനൽ തുടങ്ങുംമുമ്പ് പുഴയിൽ ജലനിരപ്പ്് താഴ്‌ന്നത്‌ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പ്രളയശേഷം ഭൂഗർഭജലത്തിലുണ്ടായ വ്യതിയാനം ജലസ്രോതസ്സുകളെ സാരമായി ബാധിച്ചിരിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്. വേനലിൽ പൂയംകുട്ടി പുഴകൂടി വരളുന്നതോടെ ഇടമലയാർ പുഴയിൽ നിന്നുള്ള വെള്ളമാണ് കുട്ടമ്പുഴയാറിനെ സമൃദ്ധമാക്കുന്നത്. ഇടമലയാർ വൈദ്യുത പദ്ധതിയുടെ ജനറേറ്ററിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൈദ്യുത ഉത്‌പാദനം ഇടദിവസങ്ങളിൽ നാമമാത്രമാണെന്നാണ് ജനം ചൂണ്ടിക്കാട്ടുന്നത്.

വേനലിൽ പുഴയിലെ ജലവിതാനം താഴുമ്പോൾ സത്രപ്പടി പമ്പ്ഹൗസിൽ പുഴയോട് ചേർന്ന് മറ്റൊരു മോട്ടോർ പ്രവർത്തിപ്പിച്ചാണ് പമ്പിങ് നടത്താറുള്ളത്. ഈ മോട്ടോർ രണ്ടുവർഷമായി കേടാണ്. പകരം മോട്ടോർ സജ്ജീകരിച്ചിട്ടുമില്ല. പമ്പ്ഹൗസ് ഭാഗത്തെ പുഴയിൽ തടയണ കെട്ടി മോട്ടോർ സ്ഥാപിച്ചാലേ പരിഹാരമാകുകയുള്ളൂ. പഞ്ചായത്ത്് അധികാരികൾ പലകുറി ജല അതോറിറ്റി അധികാരികളെ അറിയിച്ചിട്ടും പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞതല്ലാതെ തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്ന് ആരോപണമുണ്ട്.