കൊച്ചി: റീബിൽഡ് കേരള ഭവന നിർമാണ പദ്ധതി പ്രകാരം വടക്കേക്കര പഞ്ചായത്തിലെ ആദ്യ പേരുകാരിയാണ് സരസു വത്സൻ. പക്ഷേ, താമസസ്ഥലത്തു നിന്ന് മീറ്ററുകൾ മാത്രം അകലെ വടക്കേക്കര പഞ്ചായത്തിലെ വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിച്ചപ്പോഴും ഇവർ തന്റെ പഴയ പ്ലാസ്റ്റിക് ചാക്കുകൊണ്ടുള്ള ഷെഡ്ഡിലായിരുന്നു. ആരോടും പരാതിയുമില്ല പരിഭവവുമില്ല. തന്റെ ഷെഡ്ഡ് നിലംപതിക്കും മുൻപെങ്കിലും ഒരു വീട് അനുവദിക്കണമെന്ന അപേക്ഷ മാത്രം ഈ അമ്മയ്ക്ക്.

തീരദേശ പരിപാലന അതോറിറ്റി നിർദേശങ്ങളിൽ കുടുങ്ങി ഇവർക്ക് വീട് പണിയാൻ കഴിയാത്ത സാഹചര്യമാണ്. ‘െെകയിൽ മിച്ചം വന്ന കാശിന് വാങ്ങിയ സ്ഥലമാണിത്, ഇവിടെ നിന്ന് മാറി ഈ വിലയ്ക്ക് സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടാണെ’ന്ന് സരസു പറയുന്നു. വാങ്ങിയപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമെന്ന് കരുതിയില്ലെന്ന് അവർ പറയുന്നു.

മടപ്ലാതുരുത്തിൽ തെക്കാതുരുത്ത് പുഴയുടെ തീരത്തെ നാലു സെന്റ് സ്ഥലത്ത് ടർപ്പോളിൻ കൊണ്ട് കെട്ടിയുയർത്തിയ ഒറ്റമുറിയിലാണ് 62 വയസ്സുകാരിയായ സരസു മകനൊപ്പം താമസിക്കുന്നത്. കറന്റും വെള്ളവും ഇവർക്കുണ്ടെങ്കിലും വീട്ടുനമ്പർ കിട്ടിയിട്ടില്ല. തീരദേശ പരിപാലന അതോറിറ്റി നിയമം കർശനമാക്കിയതോടെയാണ് ഇവരുടെ വീടിന് നമ്പർ പോലും നൽകാൻ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതർക്ക് പറയേണ്ടി വന്നത്. ഇതോടെ റീബിൽഡ് കേരള ഭവന പട്ടികയിലെ ആദ്യ പേരുകാരി പട്ടികയിൽനിന്ന് പുറത്തേക്ക്.

വടക്കേക്കര കപ്പേള പള്ളിക്കു സമീപം സ്വന്തം വീട്ടിൽ താമസിച്ചിരുന്ന ഇവർ മകളുടെ വിവാഹ ശേഷ മുണ്ടായ സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് പുഴയരികിൽ സ്ഥലം വാങ്ങിയത്. കൂലിപ്പണിക്കാരനായ മകന് കിട്ടുന്ന ചെറുവരുമാനത്തിൽ നിന്ന് വീട് കെട്ടിയുയർത്താൻ ഇവരെക്കൊണ്ട് കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ പരിപാടിക്കു ശേഷം താക്കോൽ കിട്ടിയ സന്തോഷത്തിൽ എല്ലാവരും വീട്ടിലേക്ക് മടങ്ങിയപ്പോൾ മഴയ്ക്കു മുമ്പേ തന്റെ വീട്ടുസാധനങ്ങൾ ഭദ്രമാക്കുന്ന തിരക്കിലാണ് സരസു.