പാചക വാതകം (എൽ.പി.ജി.) ഇറക്കുമതി ചെയ്ത് സംഭരിക്കുന്ന പദ്ധതി. പുതുവൈപ്പ് എൽ.പി.ജി. ഇറക്കുമതി ടെർമിനൽ, മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടി എന്നിവയാണ് ഇതിലുള്ളത്. ചെലവ് 715 കോടി. തമിഴ്‌നാട്ടിലേക്ക് എൽ.പി.ജി. എത്തിക്കുന്നതിനായി കൊച്ചി-സേലം പൈപ്പ്‌ ലൈൻ പൂർത്തിയായി വരികയാണ് (മുതൽമുടക്ക് 1,112 കോടി). പാലക്കാട്ടുള്ള ബൾക്ക് എൽ.പി.ജി. ടെർമിനലും പദ്ധതിയുടെ ഭാഗം. എല്ലാം കൂടിയുള്ള ചെലവ് 2,200 കോടി. പാചക വാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള ജെട്ടി (മൾട്ട്) മാത്രമെ പൂർത്തിയായിട്ടുള്ളൂ. ഇതിന് 225 കോടി ചെലവായി. ഈ പാചക വാതകം മൂന്നര കിലോമീറ്റർ അകലെയുള്ള സംഭരണശാലയിലേക്ക് എത്തിക്കാനാണ് പദ്ധതി. 40 ശതമാനത്തോളം ജോലികൾ കഴിഞ്ഞപ്പോഴാണ് പ്രതിഷേധത്തെത്തുടർന്ന് സംഭരണശാലയുടെ പണി നിർത്തിയത്. 2018-ൽ പൂർത്തിയാക്കേണ്ടതായിരുന്നു. 37 ഏക്കർ സ്ഥലം പോർട്ട് ട്രസ്റ്റിൽനിന്ന് ഐ.ഒ.സി. പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.

കൊച്ചി-സേലം പൈപ്പ് ലൈനിന് 458 കിലോമീറ്ററാണുള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും (ഐ.ഒ.സി.) ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും (ബി.പി.സി.എൽ.) സംയുക്ത സംരംഭമാണിത്.

എന്താണ് ലക്ഷ്യം

വർധിക്കുന്ന ഡിമാൻഡ് നേരിടുക. കേരളത്തിൽ 2016-17ൽ 8.4 ലക്ഷം ടണ്ണായിരുന്നു പാചകവാതക ഉപഭോഗം. 2022-ൽ 13.2 ലക്ഷം ടണ്ണാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ആവശ്യമായ പാചകവാതകത്തിന്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോൾ രാജ്യത്ത് 13 ഇറക്കുമതി ടെർമിനലുകളുണ്ട്. കാണ്ട്‌ല, വിശാഖപട്ടണം, എന്നൂർ, മംഗളൂരു, മുംബൈ, ഉരാൺ, ജാംനഗർ, ദഹേജ്, പിർപാവാവ്, പാരദീപ്, ഹൽദിയ, തൂത്തുക്കുടി, പോർബന്തർ എന്നിവിടങ്ങളിൽ. അടുത്ത പദ്ധതിയാണ് കൊച്ചിയിലേത്.

സുരക്ഷാ ആശങ്കകൾ

ടെർമിനൽ ജനവാസ മേഖലയിലായതിനാൽ അപകട സാധ്യതയുണ്ടെന്ന് സമരസമിതി പറയുന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്നാണ് പണി നിർത്തിവെച്ചത്. തുടർന്ന് സർക്കാർ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ ഡോ. പൂർണചന്ദ്ര റാവുവിന്റെ നേതൃത്വത്തിൽ മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ജനങ്ങളുടെ ആശങ്ക ന്യായമാണെന്നും എന്നാൽ വ്യവസ്ഥകളോടെ പദ്ധതിയുമായി മുന്നോട്ടു പോകാമെന്നുമാണ് ഇവരുടെ റിപ്പോർട്ടിലുള്ളത്. 15 നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചു. പ്രധാന നിർദേശങ്ങൾ

1. കേന്ദ്ര ജല കമ്മിഷന്റെ തീരദേശ സംരക്ഷണ മാനദണ്ഡങ്ങൾ പാലിക്കണം. പ്ലാന്റിനു ചുറ്റും കണ്ടൽക്കാടുകളും മരങ്ങളും വെച്ചുപിടിപ്പിക്കണം.

2. കടലിലേക്ക് വെള്ളം ഒഴുക്കിവിട്ട് പരിസര പ്രദേശങ്ങൾ വെള്ളക്കെട്ടുണ്ടാകാതെ സംരക്ഷിക്കണം.

3. പ്ലാന്റ് വരുന്നതുമൂലം പരിസ്ഥിതി നാശമുണ്ടാകുമെന്ന ജനങ്ങളുടെ പരാതി പരിഗണിക്കണം. മതിലിനു പകരം മണൽത്തിട്ട പോലുള്ളവ പരിഗണിക്കണം.

ടെർമിനൽ സുരക്ഷിതമെന്ന് ഐ.ഒ.സി.

ആഗോളാടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമായ മൗണ്ടഡ് സംഭരണികളിലാവും പാചകവാതകം സംഭരിക്കുക. ഇത്തരം സംവിധാനത്തിൽ ലോകത്തൊരിടത്തും തീപിടിത്തം പോലുള്ള അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. താപനില 79 ഡിഗ്രിയിലെത്തിയാൽ ഓട്ടോമാറ്റിക്കായി വെള്ളം സ്‌പ്രേ ചെയ്യും. ലോക നിലവാരത്തിലുള്ള സംവിധാനങ്ങൾ വേറെയുമുണ്ട്. സുനാമി, ഭൂകമ്പം പോലുള്ള സാഹചര്യങ്ങളെയും മൗണ്ടഡ് സ്റ്റോറേജ് ചെറുക്കും. സമാന രീതിയിൽ ഗുജറാത്തിലെ കാണ്ട്‌ലയിൽ പണിത ഐ.ഒ.സി. ടെർമിനൽ 1998-ൽ ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച 195 കി.മീ. വേഗമുള്ള ചുഴലിക്കാറ്റിനെയും 16 അടി ഉയരത്തിൽ പൊങ്ങിയ തിരമാലകളെയും അതിജീവിച്ചു.