പറവൂർ : ന്യൂസീലൻഡ് മന്ത്രിസഭയിലെത്തിയ പ്രിയങ്ക രാധാകൃഷ്ണൻ പറവൂർ മാടവനപ്പറമ്പിന്റെ കൊച്ചുമകൾ. ‌വിശ്വ സാഹിത്യത്തിന് മലയാളത്തിൽ കരുത്തുറ്റ അടയാളമിട്ട കേസരി ബാലകൃഷ്ണ പിള്ള വിലയം ചെയ്ത മണ്ണാണ് മാടവനപ്പറമ്പിലേത്. പ്രിയങ്കയുടെ അച്ഛൻ ആർ. രാധാകൃഷ്ണന്റെ മൂലകുടുംബമാണ് കേസരി ബാലകൃഷ്ണ പിള്ള അന്ത്യവിശ്രമം കൊള്ളുന്ന മാടവനപ്പറമ്പ്. കേസരിയുടെ ഭാര്യ ഗൗരിയമ്മയുടെ സഹോദരി പങ്കജാക്ഷിയമ്മയുടെ മകൾ ഓമനക്കുട്ടിയുടെ മകനാണ് രാധാകൃഷ്ണൻ.

ചെന്നൈയിൽ സ്വന്തമായി എൻജിനീയറിങ് സ്ഥാപനം നടത്തുകയാണ് രാധാകൃഷ്ണൻ. മകളുടെ സ്ഥാനലബ്ധി സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. അമ്മ ഉഷ കഴിഞ്ഞ വർഷം മരിച്ചപ്പോൾ പ്രിയങ്ക ചെന്നൈയിലെത്തിയിരുന്നു. ഇവരുടെ ഏക സഹോദരി വർഷങ്ങളായി കുടുംബസമേതം കാനഡയിലാണ്.

പറവൂരിൽനിന്ന് മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിലേതന്നെ രാധാകൃഷ്ണൻ ചെന്നൈയിലായിരുന്നു. സിങ്കപ്പൂരിൽ ജോലിയുമായി 30 വർഷം കുടുംബസമേതം അവിടെ കഴിഞ്ഞു. മലയാളം സംസാരിക്കാനറിയാവുന്ന പ്രിയങ്ക പറവൂരിൽ വന്നിട്ടില്ല. എങ്കിലും അമ്മയുടെ മരണാനന്തര കർമങ്ങൾ ചെയ്യാൻ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം എത്തിയിരുന്നു. രാധാകൃഷ്ണന്റെ അച്ഛൻ ദേശം സ്വദേശിയായ രാമൻ പിള്ള എൻജിനീയറായിരുന്നു. കുറെക്കാലം യു.സി. കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാടവനപ്പറമ്പിലെ കേസരി താമസിച്ചിരുന്ന വീട് മുസിരിസ് പൈതൃക പദ്ധതി പ്രകാരം ‘കേസരി മ്യൂസിയം’ ആയി പ്രവർത്തിക്കുന്നുണ്ട്. സമീപം കേസരി സ്മാരക ആർട്‌സ് ആൻഡ് സയൻസ് കോളേജുമുണ്ട്.

ചെന്നൈയിലെ വീട്ടിലേക്ക് ആ വിളിയെത്തി... മനസ്സുനിറഞ്ഞ് അച്ഛൻ  

സിങ്കപ്പൂര്‍ തുറമുഖത്ത് എന്‍ജിനിയറായിരുന്ന ആര്‍. രാധാകൃഷ്ണന് കടല്‍ ആശങ്കപ്പെടുത്തുന്ന ഒന്നല്ല. അച്ഛനെക്കണ്ട് വളര്‍ന്ന മകള്‍ കടലിന് നടുവിലെ രാജ്യത്തെ ഉന്നതപദവിയിലെത്തുന്നത് ഒട്ടും ആശങ്കയോടെയാകില്ല. അപ്രതീക്ഷിതമല്ലെങ്കിലും മകള്‍ ന്യൂസീലന്‍ഡില്‍ മന്ത്രിയായെന്ന് അറിഞ്ഞപ്പോള്‍ രാധാകൃഷ്ണന്റെ കണ്ണില്‍ കടലോളം സന്തോഷം. കഴിഞ്ഞയാഴ്ച വിളിച്ചപ്പോള്‍ മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷ പ്രിയങ്ക പങ്കുവെച്ചിരുന്നു. ഒടുവില്‍, കാത്തിരുന്ന വിളിയെത്തി.

ചെന്നൈ പ്രിയങ്കയുടെ ജന്മസ്ഥലമാണെങ്കിലും അധികനാള്‍ ഇവിടെ കഴിഞ്ഞിട്ടില്ല. പ്രിയങ്ക ജനിച്ച് അധികം വൈകാതെ സിങ്കപ്പൂരിലേക്ക് കുടുംബത്തോടൊപ്പം പോകുകയായിരുന്നു. സിങ്കപ്പൂരില്‍ പഠനം പൂര്‍ത്തിയാക്കി ഒരുവര്‍ഷം അവിടെ ജോലിചെയ്തു. പിന്നീട് 2004-ല്‍ ഉപരിപഠനത്തിനായി ന്യൂസീലന്‍ഡിലേക്ക് പോയി. അവിടെയെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന് രാധാകൃഷ്ണന്‍ പറയുന്നു. എന്നാല്‍, അവിടത്തെ രാഷ്ട്രീയത്തിന്റെ രീതി വിശദീകരിച്ച് മകള്‍ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു.

വടക്കന്‍ പറവൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ വിവാഹശേഷമാണ് ചെന്നൈയില്‍ എത്തിയത്. ഭാര്യ ഉഷയുടെ കുടുംബം ചെന്നൈയിലായിരുന്നു. കഴിഞ്ഞവര്‍ഷം ഉഷ മരിച്ചു. അമ്മയുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അവസാനമായി പ്രിയങ്ക നാട്ടിലെത്തിയത്. കേരളത്തിലായിരുന്നു ചടങ്ങുകള്‍. അതിനുശേഷം കുറച്ചുദിവസം ചെന്നൈയിലെ വീട്ടില്‍ താമസിച്ചു. എല്ലാവര്‍ഷവും ചെന്നൈയിലെ വീട്ടിലെത്തുന്ന പതിവ് പ്രിയങ്കയ്ക്കുണ്ട്. എല്ലാ വാരാന്ത്യത്തിലും അച്ഛനെ വിളിച്ച് വിശേഷം തിരക്കും. ഇത്തവണ വിളിച്ചത് വിശേഷം തിരക്കാനായിരുന്നില്ല, ഒരു വലിയ വിശേഷം അറിയിക്കാനായിരുന്നു -മന്ത്രിയായെന്ന വിശേഷം.

Content Highlight: Priyanca Radhakrishnan grand daughter of  Madavanaparamb