prem nazirകൊച്ചി : വ്യത്യസ്തമായൊരു പുസ്തക ചലഞ്ചിന്റെ കഥ പറയുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘നസീർ ചലഞ്ച്’. നടൻ പ്രേംനസീറിന്റെ 1977-ൽ പുറത്തിറങ്ങിയ ‘എന്റെ ജീവിതം’ എന്ന ആത്മകഥ ഫെയ്സ്ബുക്കിൽ നടന്ന പുസ്തക ലേലത്തിലൂടെയാണ് ബിപിൻ സ്വന്തമാക്കിയത്.

മൂന്നു രൂപ വിലയുള്ള പുസ്തകം 2,100 രൂപയ്ക്കാണ് ബിപിൻ സ്വന്തമാക്കിയത്. മലയാള സിനിമയെ ഒരുകാലത്ത് ഒറ്റയ്ക്ക് തോളിൽ താങ്ങിനടന്ന പ്രേംനസീറിന്റെ ആത്മകഥ സ്വന്തമാക്കേണ്ടത്, കലാ വ്യവസായത്തിന്റെ തണലിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ തന്റെ കർത്തവ്യമാണെന്നും ബിപിൻ പറയുന്നു.

വിദേശത്തും ഇവിടെയും അപൂർവ പുസ്തകങ്ങളുടെ ലേലം നടക്കാറുണ്ടെങ്കിലും മലയാളികൾക്ക് ഓൺലൈൻ പുസ്തകലേലം അത്ര പരിചിതമല്ല. ബിപിൻ ലേലത്തിൽ സ്വന്തമാക്കിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് അടുത്ത മാസം മാതൃഭൂമി ബുക്സ് വായനക്കാരിലേക്കെത്തിക്കും.

വില മൂന്നു രൂപ

പുസ്തകം പിന്നീട് വിപണിയിൽ കിട്ടാതായി. അങ്ങനെയൊരു പുസ്തകമുണ്ടെന്ന് പുതുതലമുറ വായനക്കാർക്കോ ചലച്ചിത്ര പ്രവർത്തകർക്കോ അറിയാതായി. അങ്ങനെയിരിക്കെയാണ്‌ ഫെയ്സ്ബുക്കിലെ ‘റീഡേഴ്സ് ക്ലബ്ബ്’ എന്ന ഗ്രൂപ്പിൽ കബീർ ഇബ്രാഹിം എന്നയാൾ ‘എന്റെ ജീവിതം’ ലേലത്തിൽ വെക്കുന്നത്. ഒറ്റ ദിവസം, വാശിയേറിയ ലേലം. പുസ്തകത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ കുറെപ്പേർ ലേലത്തിൽ പങ്കെടുത്തു. 2,000 രൂപ വരെ എത്തിയ ലേലംവിളി. ഒടുവിൽ 2,100 രൂപയ്ക്ക് വിലപ്പെട്ട ആ പുസ്തകം ബിപിൻ സ്വന്തമാക്കി.

“എഴുന്നൂറ് ഇരട്ടി വില കൊടുത്ത് പുസ്തകം വാങ്ങിയത് ഒരിക്കലും നഷ്ടമോ കിറുക്കോ ആയി കാണുന്നില്ല. ഇതുപോലെയുള്ള പല പുസ്തകങ്ങളും പലരുടെയും അലമാരകളിൽ പൊടിപിടിച്ച് ഇരിക്കുന്നുണ്ടാവും. അതൊക്കെ വെളിയിൽ വരാൻ ഇതൊരു കാരണമാകട്ടെ” - ബിപിൻ പറയുന്നു.

നസീറും ഞാനും; ഒരു ഹാട്രിക് വിജയം

ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നടക്കുന്ന വാശിയേറിയ മത്സരമാണ് പ്രേംനസീർ ട്രോഫി നാടകമേള. മികച്ച നടന് നൽകാൻ നസീർ ഏർപ്പെടുത്തിയ ട്രോഫിയാണ് പ്രധാന ആകർഷണം. എല്ലാ വർഷവും നടക്കുന്ന ഈ നാടകമേളയുടെ ചരിത്രത്തിൽ ആദ്യമായി മൂന്നുവട്ടം ആ ട്രോഫി നേടിയ ആളാണ് ബിപിൻ.

“സിനിമയിലേക്ക് വഴിതെളിച്ചത് അത്തരം അനുഭവങ്ങളാണ്. ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത ഒരു മനുഷ്യനാണ് കലാ വഴിയിലേക്കുള്ള ആദ്യപടികൾ കാണിച്ചുതന്നത്.

കോപ്പി കിട്ടാത്തതിനാൽ പുനർജന്മം സാധ്യമല്ലാത്ത അനേകം അപൂർവ പുസ്തകങ്ങളുണ്ട്. അവയുടെ ഗതി മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ആത്മകഥയ്ക്ക് വരില്ല. അതിന് നിമിത്തമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്” - ബിപിൻ പറഞ്ഞു.

‘എന്റെ ജീവിത’വുമായി മാതൃഭൂമി ബുക്സ്

പ്രേനസീറിന്റെ ആത്മകഥ ‘എന്റെ ജീവിതം’ മാതൃഭൂമി ബുക്സ് വായനക്കാരിലെത്തിക്കുന്നു. പുസ്തകത്തിന്റെ പുതിയ പതിപ്പ് അടുത്ത മാസം മാതൃഭൂമി ബുക്സ് പുറത്തിറക്കും. പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നതിന് പ്രേംനസീറിന്റെ കുടുംബാംഗങ്ങളുടെ അനുമതി മാതൃഭൂമി ബുക്സിന് ലഭിച്ചു.