അരൂർ: തുടരെ മാലിന്യം തള്ളിയതുമൂലം തകർന്ന ദേശീയപാത നന്നാക്കിയ ഉടൻതന്നെ അതേ സ്ഥലത്ത് വീണ്ടും മാലിന്യം തള്ളി. അരൂർ-കുമ്പളം പുതിയപാലത്തിന്റെ തെക്കുവശം അപ്രോച്ച്‌ റോഡിന്റെ പടിഞ്ഞാറുഭാഗത്താണ് നാളുകളായി മാലിന്യം തള്ളിയിരുന്നത്. മാലിന്യം ഭക്ഷിക്കാൻ വരുന്ന എലികളും മറ്റും ദേശീയപാതയുടെ അടിഭാഗത്ത് തുരങ്കം വച്ചതോടെയാണ് പാതയുടെ ഒരുവശം തകർന്നത്.

ദേശീയപാത അധികൃതർ തകർന്നഭാഗം പുനർനിർമിച്ചെങ്കിലും മാലിന്യംതള്ളൽ തുടർന്നതോടെ ഒരാഴ്ചയ്ക്കകം വീണ്ടും ദേശീയപാതയും കൈവരിയും താഴേക്ക് ഇടിഞ്ഞു. രണ്ടു ദിവസം മുമ്പ് നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ ജോലിക്കാരുമായെത്തി തകർന്ന കൈവരികൾ നന്നാക്കുകയും ദേശീയപാത ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ, പണിപൂർത്തിയാക്കിയ ദിവസം രാത്രിതന്നെ അതേസ്ഥലത്ത് കക്കൂസ് മാലിന്യം ഒഴുക്കുകയും മാലിന്യച്ചാക്കുകൾ തള്ളുകയും ചെയ്തെന്ന് പ്രദേശവാസികൾ പറയുന്നു.

വിവിധ അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ, വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ എന്നിവയാണ് പതിവായി ഈ ഭാഗത്ത് കൂട്ടിയിട്ടിരുന്നത്. കക്കൂസ് മാലിന്യം പുറന്തള്ളുന്ന നിരവധി സംഘങ്ങൾ പാലത്തിന്റെ അപ്രോച്ച്‌ റോഡിന് പടിഞ്ഞാറുവശത്തേക്കാണ് ഇവ പതിവായി പമ്പ്‌ ചെയ്യുന്നത്.

കൂമ്പാരമായി കിടന്ന ടൺകണക്കിന് മാലിന്യങ്ങൾ ജെ.സി.ബി. ഉപയോഗിച്ചാണ് അധികൃതർ കായൽത്തീരത്തേക്ക് വകഞ്ഞുമാറ്റിയത്. മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് കാണിച്ച് ഇവിടെ ബോർഡും നാട്ടിയിട്ടുണ്ട്. എന്നാൽ, കുറ്റക്കാരെ കണ്ടെത്താനോ ശിക്ഷിക്കാനോ അധികൃതർ തയ്യാറാകാത്തതാണ് മാലിന്യംതള്ളൽ തുടരുന്നതിനും ദേശീയപാത തകരുന്നതിനും കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് സി.സി. ടി.വി. ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടിയാൽ കുഴപ്പങ്ങളൊഴിവാക്കാൻ സാധിക്കുമെന്ന് റോഡ്‌ സുരക്ഷാസമിതി പ്രവർത്തകർ പറയുന്നു.