കോതമംഗലം: പൂയംകുട്ടി വനത്തിൽ ചരിഞ്ഞ ആനയുടെ ജഡം തിന്നാൻ വന്നതിനിടെ പരസ്പരം ഏറ്റുമുട്ടിയാണ് കടുവകളിലൊന്ന് ചത്തതെന്ന നിഗമനത്തിൽ വനംവകുപ്പ് അധികൃതർ.

മൃഗജഡങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ സി.സി.എഫിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കടുവ ചത്തതിന്റെ വിശദ റിപ്പോർട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നൽകും.

രോഗം മൂലമോ മിന്നലേറ്റോ ആകാം ആന ചരിഞ്ഞതെന്നാണ്് നിഗമനം. ആനയും കടുവയും ഏറ്റുമുട്ടിയാണ് രണ്ടും ചത്തതെന്നായിരുന്നു വനംവകുപ്പ് അധികൃതർ ആദ്യം സംശയിച്ചിരുന്നത്. പൂയംകുട്ടി വനത്തിൽ ഇങ്ങനെ കടുവ ചത്ത സംഭവം അറിയുന്നത് ആദ്യമാണ്.

വാരിയം ആദിവാസി ഊരിൽപ്പെട്ട മാപ്പിളപ്പാറ കുടിയിലേക്കുള്ള വഴിയിൽ നിന്ന് ഉദ്ദേശം നാലു കിലോമീറ്റർ മാറി നിബിഡ വനത്തിലെ പുൽമേട് നിറഞ്ഞ കൊളുത്തിപ്പെട്ടി ഭാഗത്താണ് ആനയുടെയും കടുവയുടെയും ജഡങ്ങൾ കിടന്നിരുന്നത്.

ചത്ത പെൺകടുവയ്ക്ക് ഒമ്പത്‌ വയസ്സും കൊമ്പന് എട്ടു വയസ്സും കണക്കാക്കുന്നു. ആനയുടെ ജഡത്തിന് ഒന്നര ആഴ്ചയും കടുവയുടെ ജഡത്തിന് ഒരാഴ്ചയും പഴക്കമുണ്ട്. ഇരു ജഡങ്ങളും ചീഞ്ഞഴുകിയ നിലയിലായിരുന്നു. ആനയുടെ ജഡാവശിഷ്ടങ്ങൾ പല ഭാഗത്തായിട്ടാണ് കിടന്നിരുന്നത്.

ആനയുടെ ജഡം പെൺകടുവ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെ മറ്റൊരു കടുവ എത്തിയതാണ് ഇവ തമ്മിൽ ഏറ്റുമുട്ടിലിന് ഇടയാക്കിയതെന്നാണ് സാഹചര്യങ്ങൾ വിലയിരുത്തിയ വിദഗ്ധരുെട നിഗമനം.

ഒരു കടുവയുടെ മേഖലയിൽ മറ്റൊരു കടുവ എത്തിയതാവാം ആക്രമണത്തിൽ കലാശിച്ചതെന്ന് പരിശോധകർ പറഞ്ഞു.

കടുവകൾ ഏറ്റുമുട്ടിയതിന്റെ ലക്ഷണം പരിസരത്തുണ്ടെന്നും വനപാലകർ പറഞ്ഞു. കടുവയുടെ തലയോട്ടിയും നഖവും മാംസാവശിഷ്ടവും ആനയുടെ കൊമ്പും ശേഖരിച്ചു.

ജഡത്തിൽ വെടിയുണ്ടയോ മറ്റോ ഏറ്റിട്ടുണ്ടൊയെന്ന് വ്യക്തമാകുന്നതിന് ഇരു ജഡങ്ങളും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ജഡാവശിഷ്ടം സ്ഥലത്തുതന്നെ സംസ്കരിച്ചു.

മലയാറ്റൂർ ഡി.എഫ്.ഒ രവികുമാർ മീണ, റേഞ്ച് ഓഫീസർ പി.എസ്. നിധിൻ, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാരായ അനുമോദ്, ഡേവിസ് എന്നിവരുടെ നേതൃത്വത്തിലാണ് മഹസർ തയ്യാറാക്കി പോസ്റ്റുമോർട്ടം നടത്തിയത്.