പിറവം : വർഷങ്ങൾക്ക് മുമ്പ് പിറവത്തെ ഗൃഹോപകരണ ശാലയിൽനിന്ന് തവണ വ്യവസ്ഥയിൽ ടി.വി.യും മറ്റും വാങ്ങിയവർക്ക് പണമടയ്ക്കാൻ ആവശ്യപ്പെട്ട് ഇപ്പോൾ കേരള ബാങ്കിൽ നിന്ന് നോട്ടീസ്. കടക്കാരന്റെ പരസ്യത്തിൽ ആകൃഷ്ടരായി തവണവ്യവസ്ഥയിൽ ടി.വി.യും മറ്റും വാങ്ങി കൃത്യമായി പണം തിരിച്ചടച്ചവർ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലാത്ത കേരള ബാങ്കിന്റെ നോട്ടീസ് കണ്ട് ഞെട്ടിത്തരിക്കുകയാണ്. വായ്പയ്ക്കായി ബാങ്കിന്റെ പടിപോലും കയറാത്തവരാണ് ഇവരിലേറെയും.

ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് രൂപവത്കരിച്ച കേരള ബാങ്ക് കുടിശ്ശിക നിവാരണ പരിപാടിയുടെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പ അടച്ചുതീർക്കാൻ അദാലത്തുണ്ടെന്നും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അഞ്ച് ദിവസത്തിനകം ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടാണ് പലർക്കും നോട്ടീസ് കിട്ടിയിരിക്കുന്നത്.

2005 -2010 കാലയളവിലാണ് സ്വകാര്യ ഗൃഹോപകരണ സ്ഥാപനം വൻ പ്രചാരണങ്ങളോടെ ഗൃഹോപകരണ മേള സംഘടിപ്പിച്ചത്. മണൽ തൊഴിലാളികളും ഓട്ടോ തൊഴിലാളികളും കൂലിപ്പണിക്കാരുമടക്കമുള്ള സാധാരണക്കാർ തിരിച്ചറിയൽ കാർഡും കരമടച്ച രസീതിന്റെ കോപ്പിയുമെല്ലാം നൽകി സാധനങ്ങൾ വാങ്ങി. ടി.വി.യായിരുന്നു ഏറെപ്പേരും വാങ്ങിയത്. അയ്യായിരം രൂപയോടടുത്ത് വിലവരുന്ന ടി.വി. വാങ്ങിയവർ കടയുടമയുടെ വ്യവസ്ഥ പ്രകാരം മാസഗഡുക്കളായി കടയിൽ പണമടച്ച് തീർക്കുകയും ചെയ്തു.

കടയുടെ മുകളിൽ ജില്ലാ സഹകരണ ബാങ്ക് ശാഖ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരാരും ബാങ്കിൽ പോവുകയോ വായ്പയ്ക്കായി അപേക്ഷ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോളാണ് പണമടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചത്. കാര്യമറിയാതെ ചിലർ പണമടച്ചു. മറ്റു ചിലർ കടയിൽപ്പോയി പരാതിപ്പെട്ടു. പോലീസിൽ പരാതിപ്പെട്ടവരുടെ കുടിശ്ശിക കടക്കാരൻ ഇടപെട്ട് അടച്ചുതീർക്കുകയായിരുന്നു.

അങ്ങനെ ചിലർക്കെല്ലാം ബാങ്ക് നടപടികളിൽ നിന്നും മോചനം കിട്ടി. മറ്റു ചിലർ അപ്പോഴും കഥയൊന്നുമറിഞ്ഞില്ല. അത്തരക്കാർക്കാണ് ഇപ്പോൾ അദാലത്തിൽ പങ്കെടുത്ത് തുകയടച്ച് ജപ്തി നടപടികളിൽ നിന്നൊഴിവാകാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

4500 രൂപയുടെ ടി.വി. വാങ്ങി എല്ലാ ഗഡുക്കളും അടച്ചുതീർത്ത കക്കാട് തെക്കോപ്പോഴിയിൽ രമണിയമ്മാളിനും കിട്ടി നോട്ടീസ്. കക്കാട് കഴുതാട്ടിൽ വസുമതിയമ്മ ഏഴായിരം രൂപ വിലവരുന്ന ടി.വി. വാങ്ങിയതായാണ് ഓർമിക്കുന്നത്. അവർക്ക് നേരത്തെ നോട്ടീസ് കിട്ടിയത് മുപ്പത്തിരണ്ടായിരത്തോളം രൂപ അടയ്ക്കാനാവശ്യപ്പെട്ടായിരുന്നു.

ഇവിടെ ജാമ്യത്തിന്റെ പേരിൽ ഭർത്താവ് ചിത്രഭാനുവിനും മകൻ രഞ്ജിത്തിനുമെല്ലാം നോട്ടീസുണ്ട്. നെച്ചൂർക്കടവ് പാലത്തിന് സമീപം പച്ചക്കറികട നടത്തുന്ന തേച്ചാമ്പിള്ളിൽ ബേബി പൗലോസിന് ഭാര്യയുടെ പേരിലുളള വായ്പയുടെ ജാമ്യക്കാരൻ എന്ന നിലയ്ക്കാണ് നോട്ടീസ്. ഭാര്യ മേരി ഏഴായിരം രൂപ വിലവരുന്ന ടി.വി. വാങ്ങി മാസഗഡുക്കളായി തുക കടയിൽ അടച്ചതാണെന്ന് ബേബി പൗലോസ് പറഞ്ഞു.

കക്കാട് മേഖലയിൽ മാത്രം നൂറിലേറെപ്പേർക്ക് അടുത്ത ദിവസങ്ങളിൽ ഇത്തരത്തിൽ നോട്ടീസ് കിട്ടി. പിറവത്തിന്റെ സമീപ പ്രദേശങ്ങളായ മുളക്കുളം, പാഴൂർ, കളമ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരത്തിൽ 'ഇല്ലാത്ത കുടിശ്ശികക്കാരുണ്ട്. ഗൃഹോപകരണങ്ങൾ വാങ്ങിയവരുടെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ വായ്പാ തിരിമറി നടന്നതായാണ് വിവരം. വർഷങ്ങൾക്ക് മുമ്പ് നടന്ന തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. കേരള ബാങ്കിൽ നിന്ന്‌ നോട്ടീസ് കിട്ടിയവർ പോലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണ്.