പിറവം: പാഴൂർ ശിവരാത്രി മണപ്പുറത്ത് തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ തീപ്പിടിത്തം പരിഭ്രാന്തി പരത്തി. പ്രളയസമയത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് ആദ്യം തീ പിടിച്ചത്. അത് പിന്നീട് കിഴക്കേ തുരുത്തിൽ, ആറ്റുവഞ്ചി ചെടികളിലേക്കും ചെറുമരങ്ങളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു.

മീനച്ചൂടിൽ കരിഞ്ഞുണങ്ങിയ ഇലകളിലേക്കും മരങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പുഴയോരത്തെ പറമ്പുകളിലേക്ക് തീ പടരാതിരിക്കാൻ വെള്ളമൊഴിച്ചു. സ്ഥലത്തെത്തിയ പിറവം അഗ്നിരക്ഷാസേന മോട്ടോർ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വെള്ളം പമ്പ് ചെയ്താണ് തീ പൂർണമായും അണച്ചത്. പിറവം പോലീസും സ്ഥലത്തെത്തിയിരുന്നു.

മണപ്പുറത്തെ മാലിന്യങ്ങൾക്ക് ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുണ്ട്. സിഗരറ്റ് കുറ്റിയിൽ നിന്നും തീ പടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കടുത്ത വെയിലും ചൂടുമായിട്ടുകൂടി ചിത്രീകരണമടക്കമുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണപ്പുറത്ത് എപ്പോഴും ആളുകൾ ഉണ്ടാകാറുണ്ട്. രാത്രി കാലങ്ങളിൽ മണപ്പുറം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മണപ്പുറത്ത് ലൈറ്റില്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ല.

നാട്ടുകാർക്ക് പോലും സന്ധ്യകഴിഞ്ഞാൽ ഒറ്റയ്ക്ക് മണപ്പുറത്തേക്ക് പോകാൻ ഭയമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നുമെത്തുന്നവരടക്കമുള്ളവർ മണപ്പുറത്ത് മദ്യപാനം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് പരാതി ഉയർന്നത്. ക്ഷേത്രത്തിലേക്കുള്ള കവാടമടക്കം പ്രവേശമാർഗങ്ങൾ രാത്രി അത്താഴപ്പൂജ കഴിയുന്നതോടെ അടയ്ക്കുമെന്നതിനാൽ രാത്രി ക്ഷേത്രക്കടവ് വഴി മണപ്പുറത്ത് എത്താനാവില്ലെങ്കിലും പ്രധാന റോഡിൽ നിന്നും മഴവിൽ പാലം വഴി ആർക്കും എപ്പോൾ വേണമെങ്കിലും മണപ്പുറത്തിറങ്ങാം. മണപ്പുറം സാമൂഹിക വിരുദ്ധർ താവളമാക്കുന്നത് സ്ഥലവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.