പിറവം: പിറവം-എറണാകുളം റോഡിൽ മാമ്മല കവലയിൽ നിരീക്ഷണ ക്യാമറകളും ദിശാബോർഡുകളും സ്ഥാപിച്ചു. പിറവത്തേക്കുള്ള പ്രവേശനകവാടമായ മാമലക്കവല മൂന്ന് റോഡുകൾ സന്ധിക്കുന്ന കേന്ദ്രമാണ്. കവലയിൽ ഗതാഗത പ്രശ്നങ്ങളും രാത്രിയിൽ മാലിന്യം വലിച്ചെറിയുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ സഹകരണത്തോടെ മൂന്ന് നിരീക്ഷണ ക്യാമറകളും ദിശാബോർഡുകളും സ്ഥാപിച്ചതെന്ന് നഗരസഭാ കൗൺസിലർ ബെന്നി വി. വർഗീസ് അറിയിച്ചു.
പിറവം പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിൽ നേരത്തെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗുണനിലവാരം കുറവാണെന്ന് പരാതിയുണ്ട്. വണ്ടിയുടെ നമ്പർപ്ലേറ്റ് അടക്കമുളള വിവരങ്ങൾ ക്യാമറയിൽ പതിയാതെ വന്നതോടെയാണ് പരാതി ഉയർന്നത്. മാമല ക്കവലയിലെ ക്യാമറകൾ ഉന്നത നിലവാരമുള്ളവയാണെന്നും ഇവയെ ‘വൈ-ഫൈ’ സൗകര്യത്തിലൂടെ പിറവം പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുമെന്നും കൗൺസിലർ അറിയിച്ചു.